ഇന്ത്യയിലെ ആദ്യത്തെ "റൈസ് എടിഎം'ഒഡീഷയിൽ
Friday, August 9, 2024 1:05 PM IST
രാജ്യത്തെ ആദ്യ "റൈസ് എടിഎം' ഒഡീഷയിൽ പ്രവർത്തനം ആരംഭിച്ചു. തലസ്ഥാന നഗരിയായ ഭുവനേശ്വറിലെ മഞ്ചേശ്വർ അരി ഗോഡൗണിലാണ് "റൈസ് എടിഎം' സ്ഥാപിച്ചത്. ഒഡീഷ ഭക്ഷ്യമന്ത്രി കൃഷ്ണ ചന്ദ്രയാണ് രാജ്യത്തെ പുതിയ തുടക്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനാണ് "റൈസ് എടിഎം' പ്രവർത്തനമാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റേഷൻ കാർഡ് ഉടമകൾക്കു തങ്ങളുടെ കാർഡ് നമ്പർ നൽകി 25 കിലോഗ്രാം അരിവരെ എടിഎമ്മിൽനിന്നു ശേഖരിക്കാം. പരമ്പരാഗത വിതരണകേന്ദ്രങ്ങളിൽ ഗുണഭോക്താക്കൾ നീണ്ട ക്യൂവിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കുകയാണു പുതിയ അരി വിതരണ സംവിധാനം ലക്ഷ്യമിടുന്നത്.
കൂടാതെ സബ്സിഡി അരിയുടെ മോഷണവും കരിച്ചന്തയും സംബന്ധിച്ച പ്രശ്നങ്ങൾ ഗണ്യമായി കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. "റൈസ് എടിഎം' ഒഡീഷയിലെ 30 ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണു സർക്കാർ തീരുമാനം.