സ്വിമ്മിംഗ് പൂൾ അല്ല സ്കൈ പൂൾ; നീന്താൻ അല്പം ധൈര്യം കൂടി വേണം!
Friday, April 30, 2021 6:07 AM IST
സ്വിമ്മിംഗ് പൂളിൽ അൽപ സമയം നീന്തുകയെന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. അപകടകരമല്ലാത്ത, നല്ലവെള്ളത്തിലുള്ള ഈ നീന്തൽ നല്ലൊരു വ്യായാമം കൂടിയാണ്. എന്നാൽ ലണ്ടനിലെ ഒരു സ്വിമ്മിംഗ് പൂളിൽ നീന്തണമെങ്കിൽ അല്പം ധൈര്യം കൂടിവേണം. വെറും സ്വിമ്മിംഗ് പൂൾ അല്ല സ്കൈ പൂൾ ആണ് ലണ്ടൻ നഗരത്തിൽ ഒരുങ്ങുന്നത്.

രണ്ട് കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിലാണ് സ്കൈ പൂൾ നിർമിച്ചിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 115 അടി ഉയരത്തിലാണ് ഈ സ്കൈ പൂൾ. 25 മീറ്റർ നീളമുള്ള സ്കൈ പൂൾ എച്എഎൽ ആർക്കിടെക്ട്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. താഴ് ഭാഗവും വശങ്ങളും ചില്ലിൽ ആണ് തീർത്തിരിക്കുന്നത്. വശങ്ങളിലെ ഗ്ലാസ് പാളികൾക്ക് 200 മില്ലിമീറ്ററും അടിവശത്തെ ഗ്ലാസ് പാളിക്ക് 300 മില്ലിമീറ്റർ കട്ടിയുമാണുള്ളത്.

ലണ്ടനിലെ നൈൻ എൽമ്സ് ആൻഡ് ബാറ്റർസീ പവർ സ്റ്റേഷൻ റീജനെറേഷൻ സോണിലെ എംബസി ഗാർഡൻസിലാണ് ഈ ആകാശ സ്വിമ്മിംഗ് പൂൾ ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലെ കോളറാഡോയിലാണ് സ്കൈപൂളിന്റെ ഭാഗങ്ങൾ തയാറാക്കിയത്. പിന്നീട് ഇവ ലണ്ടനിലേക്ക് കൊണ്ടുവരികയായിരുന്നു.