തീന്മേശയിലെ ഈ കുരുവി ചിലയ്ക്കുന്നത് സ്നേഹത്തെക്കുറിച്ചാണ്; അപൂര്‍വ ദൃശ്യം
Saturday, May 11, 2024 11:03 AM IST
സ്നേഹം, കരുതല്‍, സഹവര്‍ത്തിത്വം ഇത്തരത്തില്‍ ആഴമുള്ള നിരവധി വാക്കുകള്‍ നമുക്കിടയിലുണ്ട്. എന്നാലത് അര്ഥപൂര്ണമാക്കുന്നവര് അത്രയേറെയില്ല. പക്ഷേ അത്തരം മനസുള്ളവര്‍ മറ്റൊരാളുടെ വലിയ ഭാഗ്യവുമാണ്.
അടുത്തിടെ എക്സിലെത്തിയ ഒരു "തീന്മേശക്കാഴ്ച' പറയുന്നത് മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല ഇത്തരം സ്നേഹബന്ധങ്ങള്‍ ആഴത്തിലുള്ളതെന്നാണ്. ദൃശ്യങ്ങളില്‍ രണ്ട് കുരുവികള്‍ ആഹാരം പങ്കുവയ്ക്കുന്നതാണുള്ളത്. ശരിയായി പറഞ്ഞാല്‍ ഒരു കുരുവി മറ്റൊന്നിനെ ഊട്ടുന്ന കാഴ്ച.
ദൃശ്യങ്ങളില്‍ ഒരു തീന്മേശയിലായി രണ്ട് കുരുവികളും വെണ്ണപുരട്ടിയ ബ്രെഡും കാണാനകുന്നു. ഈ പക്ഷികളിലൊന്ന് ചാടിച്ചാടി ആ ബ്രെഡിന് അടുത്തെത്തുകയാണ്. പിന്നീട് അതില്‍നിന്നും അല്പം കൊത്തിയെടുത്ത് അല്പം അകലെ ക്ഷീണിതയായി കാണപ്പെടുന്ന മറ്റൊരു കുരുവിക്ക് നല്കുന്നു. ശേഷം വീണ്ടും ചിലച്ചെത്തുകയും ബ്രെഡ് കൊത്തിയെടുത്ത് പറക്കുകയും ചെയ്യുന്നു. പിന്നീടും മറ്റെ കുരുവിക്കത് ആഹാരം നല്കുന്നു.
സ്വാര്‍ഥത കാണിക്കാതെ "പങ്കാളിയെ' പോറ്റുന്ന ഈ കുരുവിയുടെ മനോഹരമായ പ്രവൃത്തി നെറ്റിസണ്‍സിന്റെ ഹൃദയംകവര്‍ന്നു. നിരവധി അഭിപ്രായങ്ങള്‍ ഈ കാഴ്ചയ്ക്ക് ലഭിച്ചു. "ഇവയുടെ സ്നേഹം മനുഷ്യര്‍ അനുകരിക്കേണ്ടതുതന്നെ' എന്നാണൊരാള്‍ കുറിച്ചത്. "ചിപ്പിംഗ് സ്പാരോകളും മറ്റ് പാട്ടുപക്ഷികളും ഭക്ഷണം നല്‍കുന്നത് വളരെ അസാധാരണമാണ്...'എന്നാണ് മറ്റൊരാള്‍ കുറിച്ചത്.