അല്‍ഷിമേഴ്സ് ബാധിച്ച സ്ത്രീ അപരിചിതര്‍ക്കിടയില്‍ എത്തപ്പെട്ടപ്പോള്‍ സംഭവിച്ചത്
Tuesday, January 30, 2024 11:54 AM IST
അല്‍ഷിമേഴ്സ് എന്ന മറവി രോഗത്തെ കുറിച്ച് ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ല. നമുക്ക് ചുറ്റുമുള്ള സകലതിനെയും പറ്റി ഒന്നുമറിയാതെ കഴിയേണ്ടിവരുന്ന ആ അവസ്ഥയെ പലരും വലിയ ഭയത്തോടെയാണ് കാണുന്നത്
വലിയ എഴുത്തുകാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഈ രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന എത്രയെത്ര സംഭവങ്ങള്‍ നാം അറിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ അല്‍ഷിമേഴ്സ് ബാധിച്ച ഒരു സ്ത്രീയ്ക്ക് സംഭവിച്ച കാര്യം സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നു.
ഡേവ് എന്ന ഒരാളാണ് എക്സില്‍ ഇക്കാര്യം പങ്കുവച്ചത്. ഇദ്ദേഹത്തിന്റെ അമ്മായിഅമ്മയ്ക്ക് മറവി രോഗം ആയിരുന്നത്രെ. അമ്മായി അമ്മയ്ക്കും അമ്മായി അപ്പനും ഒപ്പമാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്.
എന്നാല്‍ ഒരു ദിവസം രാത്രി ഡേവിനും ഭാര്യയ്ക്കും കുഞ്ഞുമായി ആശുപത്രിയില്‍ പോകേണ്ടിവന്നു. കുട്ടിക്ക് ചെവിയില്‍ അണുബാധ ഉണ്ടായതാണ് കാരണം. ഈ സമയം ഭാര്യയുടെ മാതാപിതാക്കള്‍ ആ വീട്ടില്‍ തനിച്ചായിരുന്നു.
ഇടയില്‍ അമ്മായിഅപ്പൻ ഒന്നുമയങ്ങി. ഉണര്‍ന്നപ്പോള്‍ അല്‍ഷിമേഴ്സ് രോഗബാധിതയായ ആ സ്ത്രീയെ കാണാന്‍ ഇല്ല. അമ്മായിഅമ്മയെ കാണാനില്ലെന്നറിഞ്ഞ ഡേവ് ഉടനടി തിരയാന്‍ ആരംഭിച്ചു.
അയല്പക്കത്ത് അന്വേഷിച്ചെങ്കിലും അവര്‍ക്ക് ഒരു വിവരവും നല്കാന് ആയില്ല. പിന്നീട് ഒരു സംശയത്തിന്റെ പുറത്ത് സമീപത്തുള്ള ഒരു ഷോപ്പിംഗ് സെന്ററിലേക്ക് ഇദ്ദേഹം പോവുകയുണ്ടായി.
അവിടെ ചെന്ന ഡേവ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. കാരണം അപരിചിതരായ രണ്ടുപേര്‍ക്കൊപ്പം ഇരുന്ന് ചായ കുടിക്കുകയാണ് അമ്മായിഅമ്മ. അവര്‍ ഉല്ലാസവതിയായി വര്‍ത്തമാനം പറയുന്നുമുണ്ട്. മറുവശത്തിരിക്കുന്ന സ്ത്രീയും പുരുഷനും അത് കേട്ട് പ്രതിവചിക്കുന്നുമുണ്ട്.
ഡേവ് ഉടനടി അവര്‍ക്കരികില്‍ എത്തി അമ്മായി അമ്മയെ കാണാതായ കാര്യവും രോഗവിവരവും പറഞ്ഞു. തങ്ങള്‍ക്ക് അവര്‍ രോഗിയാണെന്ന കാര്യം മനസിലായിരുന്നുവെന്ന് ആ അപരിചിതര്‍ പറഞ്ഞു.
കാര്‍ പാര്‍ക്ക് ചെയ്യേണ്ട ഇടത്ത് ആശയക്കുഴപ്പത്തില്‍ നില്ക്കുന്ന ഒരു വയോധികയെ ആണത്രെ അവര്‍ ആദ്യം കണ്ടത്. പിന്നീട് പണം കൈയില്‍ ഇല്ലാതിരുന്ന അവര്‍ക്ക് ഈ അപരിചിതര്‍ ബ്രഡ്ഡും ചായയും വാങ്ങി നല്കി. ഈ സമയം കടയുടമയും ചില ജീവനക്കാരും രോഗിണിയായ വയോധികയുടെ ബന്ധുക്കളെ തിരയുകയായിരുന്നു.
ഇവരുടെ ഒക്കെ സത്പ്രവര്‍ത്തിയില്‍ ഡേവ് ആകെ അമ്പരന്നുപോയി. അദ്ദേഹം അവര്‍ക്കെല്ലാം നന്ദി പറഞ്ഞു. അമ്മായിഅമ്മയുടെ ഭക്ഷണത്തിന്റെ പണം അദ്ദേഹം അവര്‍ക്ക് നല്കാന് തുനിഞ്ഞെങ്കിലും ആ അപരിചിതര്‍ അത് വാങ്ങാന്‍ കൂട്ടാക്കിയില്ല.
അമ്മായിഅമ്മയെ ആപത്തൊന്നും പറ്റാതെ കണ്ടെത്തിയ ആശ്വാസത്തില്‍ ഡേവ് വീട്ടിലേക്ക് മടങ്ങി. ശേഷം ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. സംഭവം നെറ്റിസന്റെ ഹൃദയത്തെതൊട്ടു. "ലോകത്തില്‍ നല്ല ആളുകള്‍ അവശേഷിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.