കഴുത്തില്‍ അമ്പ് തുളച്ചുകയറിയ നിലയില്‍ നായ്ക്കുട്ടി; ജീവന്‍ രക്ഷിച്ച് മെഡിക്കല്‍ സംഘം
മിണ്ടാപ്രാണികളോടുള്ള മനുഷ്യരുടെ ക്രൂരത കൂടി വരുന്നൊരു കാലമാണിത്. ഗര്‍ഭിണി പൂച്ചയെ തൂക്കി കൊല്ലുക, നായകളുടെ കാലിലൂടെ വാഹനം കയറ്റിയിറക്കുക, കോഴിയെ ജീവനോടെ തൊലിയുരിക്കുക, ഇത്തരത്തില്‍ ധാരാളം ക്രൂര പ്രവൃത്തികള്‍ ഇപ്പോഴും തുടര്‍കഥയാകുന്നു.

ഇതിനെതിരെ മൃഗസ്നേഹികളുടെ കൂട്ടായ്മകള്‍ രംഗത്ത് വരാറുണ്ടെങ്കിലും ലോകത്തിന്‍റെ പലയിടങ്ങളിലായി ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുന്നു.

ഇതിനൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയില്‍ കാണപ്പെട്ട നാലുമാസം പ്രായമുള്ള ഒരു നായ്ക്കുട്ടി . കഴുത്തില്‍ അമ്പ് തുളഞ്ഞുകയറിയ നിലയിലല്‍ തെരുവില്‍ നിലവിളിച്ചു നിന്ന നായക്കുട്ടിയെ ശ്രദ്ധയില്‍പ്പെട്ട ഒരു സ്ത്രീ 911ല്‍ വിളിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് നായക്കുഞ്ഞിനെ കോച്ചെല്ല വാലിയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ എത്തിച്ചു. ഉടന്‍തന്നെ മൃഗ ഡോക്ടറായ ഇവാന്‍ ഹെരേരയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശസ്ത്രക്രിയ നടത്തി നായ്ക്കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. ഭാഗ്യവശാല്‍ അമ്പ് നായക്കുഞ്ഞിന്‍റെ പ്രധാന അവയവങ്ങളെ ഒന്നും മുറിപ്പെടുത്തിയിരുന്നില്ല.

ആരൊ ഒരാള്‍ മനഃപൂര്‍വം അമ്പെയ്തതാണെന്നും അയാളെക്കുറിച്ച് അറിവുള്ളവര്‍ അത് അധികാരികളെ അറിയിക്കണമെന്നും മൃഗസംരക്ഷണ സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരന്‍ എറിന്‍ ഗെറ്റിസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.