"ഒരൊന്നൊന്നര' ഉപകരണം; ഫ്രിഡ്ജും ടിവിയും മുതല്‍ കാര്‍ വരെ തരിപ്പണമാക്കിയ ഭീമന്‍ മിക്‌സി!
വെബ് ഡെസ്ക്
വീട്ടിലെ മിക്‌സിയില്‍ ചമ്മന്തിയരയ്ക്കുന്നത് കണ്ട് കൗതുകം മാറാത്തവരുണ്ടെങ്കില്‍ ഒരു കാര്യ കേട്ടോളൂ. നിങ്ങളടക്കമുള്ളവരെ അമ്പരപ്പിന്‍റെ നെറുകയിലെത്തിക്കുന്ന ഒരു ഭീമന്‍ മിക്‌സി (ബ്ലന്‍ഡര്‍) ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാകുകയാണ്. ഇതിനുള്ളില്‍ ചതഞ്ഞരയുന്ന വസ്തുക്കള്‍ എന്തൊക്കെയാണെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടുമെന്നുറപ്പ്.

ടിവി, ഫ്രിഡ്ജ്, ചെറു ബോട്ടുകള്‍ എന്നിവ തുടങ്ങി കാര്‍ വരെ തരിപ്പണമാക്കുന്ന ഭീമന്‍ ബ്ലന്‍ഡറാണിത്. "ഹൗ റെഡിക്യുലസ്' എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമകളായ ബ്രെറ്റ് സ്റ്റാന്‍ഫോര്‍ഡ്, ഡെറെക് ഹെറണ്‍, സ്കോട്ട് ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വന്ന വീഡിയോ ഇതിനോടകം 20.2 ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു. നാലു വശവും ഉയര്‍ന്ന നിലവാരമുള്ള ഫൈബര്‍ ഉപയോഗിച്ചാണ് ബ്ലന്‍ഡറിന്‍റെ രൂപകല്‍പന. അതിശക്തമായ മോട്ടോറാണ് ബ്ലെന്‍ഡറിന് ഉപയോഗിച്ചിരിക്കുന്നത്. ചുവടു ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന സ്പീഡ് റെഗുലേറ്ററിലും വയര്‍ ഉപയോഗിച്ച് പുറമേ ഘടിപ്പിക്കുന്ന എക്സ്റ്റന്‍ഡഡ് റെഗുലേറ്റര്‍ ഉപയോഗിച്ചും ബ്ലെന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാം.

ഉയര്‍ന്ന ശബ്ദത്തോടെയാണ് ഇതിന്‍റെ പ്രവര്‍ത്തനം. മാത്രമല്ല എത്ര കനമേറിയ വസ്തുവിനെയും ഞൊടിയിയിൽ തരിപ്പണമാക്കാന്‍ ഇതിന് കഴിയും. ഉയര്‍ന്ന നിലവാരമുള്ളതും ബുള്ളറ്റ് പ്രൂഫിന് തുല്യമായതുമായ ഫൈബര്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഇതിനുള്ളില്‍ തകരുന്ന വസ്തുക്കള്‍ വന്നിടിച്ചാല്‍ ബ്ലെൻഡറിന്‍റെ പുറംചട്ടയ്ക്ക് ഒരു പോറല്‍ പോലും പറ്റില്ല.ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ കോടാലി, ആണി, ചുറ്റിക എന്ന് തുടങ്ങി ഒട്ടേറെ ഉപകരണങ്ങളുടെ പ്രവർത്തനം കാട്ടിത്തരുന്ന കൗതുക വീഡിയോകൾ ഹൗ റിഡിക്യുലസ് എന്ന ചാനലിൽ മുൻപും വന്നിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളാണ് പുതിയതായി വന്ന ബ്ലെൻഡറിന്‍റെ കൗതുക വീഡിയോ കണ്ട് പ്രതികരണവുമായി എത്തിയത്.

"ഇതില്‍ ഷെയ്ക്ക് ഉണ്ടാക്കിയാല്‍ രസമായിരിക്കും', "ലോകത്തെ ഏറ്റവും വലിയ ബ്ലന്‍ഡര്‍ ഇത് തന്നെ', "കണ്ടിട്ട് ഭയമാകുന്നു', "ഈ മോട്ടോറിന്‍റെ ശക്തി ഊഹിക്കാന്‍ പോലും വയ്യ', "കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തിയിരുന്നു. ഈ വമ്പര്‍ ബ്ലന്‍ഡര്‍ നിര്‍മിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇവര്‍ മുന്‍പ് പങ്കുവെച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.