ഹൃദ്യമായ ചിത്രം പന്ത്രണ്ട്
Saturday, June 25, 2022 11:11 AM IST
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീയ രംഗങ്ങള്‍. സംഭവബഹുലമായ ചില മുഹൂർത്തങ്ങൾ. ഇവയെല്ലാം ഒരേ അളവിൽ കോര്‍ത്തിണക്കിയ ചിത്രമാണ് പന്ത്രണ്ട്.

ലിയോ തദേവൂസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പന്ത്രണ്ട് എന്ന ചിത്രം സിനിമ ആസ്വാദകരുടെ ഹൃദയം കവരുമെന്നതില്‍ തര്‍ക്കമില്ല. വിക്ടർ എബ്രാഹമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിനായകന്‍റെ അന്ത്രോ എന്ന കഥാപാത്രവും ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന പത്രോസ് എന്ന കഥാപാത്രവും സഹോദരന്‍മാരായി തകര്‍ത്തഭിനയിക്കുകയാണ്.

തീരദേശമേഖലയിലാണ് ഇവരുടെ ജീവിതം. അങ്ങനെ തട്ടും മുട്ടുമായി മുന്നോട്ടു പോകുമ്പോള്‍ ഔദ് വിദ്വാനായ ഇമ്മാനുവേല്‍ എന്നൊരാള്‍ ഇവരുടെയിടയിലേക്ക് വരുന്നിടത്ത് കഥയുടെ ഗതി മാറുന്നു. ദേവ് മോഹനാണ് ഇമ്മാനുവേലിന്‍റെ കഥാപാത്രം അവതരിപ്പിക്കുന്നത്.



പിന്നീട് ഈ കഥാപാത്രം ആരെന്നുള്ളതും ചിത്രത്തിന്‍റെ നിഗൂഡത വര്‍ദ്ധിപ്പിക്കുന്നു. ദേവ് മോഹന്‍റെ വളരെ വ്യത്യസ്തമാര്‍ന്ന അഭിനയവും കഥാപാത്രവുമായിരുന്നു ഇമ്മാനുവേല്‍ എന്നതില്‍ സംശയമില്ല.

വേറിട്ട അഭിനയത്തിന് ഉദാഹരമാണമായിരുന്നു ചിത്രത്തില്‍ ലാലിന്‍റേത്. തീര്‍ത്തും അനായസമായി ചിത്രത്തിന് മറ്റൊരു മുഖം കൊണ്ടുവരാന്‍ ലാലിന്‍റെ കഥാപാത്രത്തിനായി. നിഗൂഢതകള്‍ നിറഞ്ഞ ത്രില്ലര്‍ ജോണറിലുള്ള ഒരു ചിത്രമാണ് പന്ത്രണ്ട്. തീരദേശവും കടലും അവരുടെ ജീവിതവും തനിമയോടെ തന്നെ പകര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.



യേശുവിനെയും പന്ത്രണ്ട് ശിഷ്യന്‍മാരെയും ഓര്‍മപ്പെടുത്തുന്നതാണ് സിനിമയിലെ പല രംഗങ്ങളും. ശിഷ്യന്‍മാര്‍ക്കൊപ്പമുളള യേശുവിന്‍റെ അന്ത്യാത്താ വിരുന്നും യേശുവിനെ ഒറ്റിക്കൊടുക്കുന്ന യൂദാസും യേശുവിന്‍റെ ഉയര്‍ത്തേഴുന്നേല്‍പ്പുമൊക്ക സിനിമയില്‍ ദൃശ്യവത്കരിക്കുന്നുണ്ട്.

രംഗങ്ങള്‍ ഓരോന്നും അതിന്‍റെ തനിമ ചോരാതെ ഒപ്പിയെടുക്കുവാന്‍ ഛായാഗ്രഹകന്‍ സ്വരൂപ് ശോഭ ശങ്കറിന് കഴിഞ്ഞിട്ടുണ്ട്. കഥാഗതിക്കനുയോജ്യമായ സംഗീതം കൊണ്ടും ചിത്രം വേറിട്ടതായി. അല്‍ഫോണ്‍സ് ജോസഫിന്‍റെ മാന്ത്രിക വിരലുകളാല്‍ താളമിട്ട് ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചതാക്കി.

ശ്രിന്ദ, വീണനായര്‍, ശ്രീലത നമ്പൂതിരി, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദരപാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.