ലൂർദിയൻ ബാസ്കറ്റ്: മാന്നാനം സെന്റ് എഫ്രേംസ് വിജയികൾ
Friday, August 26, 2016 11:56 AM IST
കോട്ടയം: ലൂർദിയൻ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ വിജയികളായി. കോട്ടയം ലൂർദ് സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എസ്എച്ച് തേവരയെ (53–43) പോയിന്റുകൾക്കു പരാജയപ്പെടുത്തിയാണു മാന്നാനം സെന്റ് എഫ്രേംസ് ലൂർദിയൻ ട്രോഫി സ്വന്തമാക്കിയത്. മാന്നാനം സെന്റ് എഫ്രേംസിന്റെ മുഹമ്മദ് ഷിറാസ് (23 പോയിന്റ്), എസ്എച്ച് തേവരയുടെ ഷാരോൺ ഫ്രയ്സിൻ (17 പോയിന്റ്) എന്നിവർ ടോപ് സ്കോറർമാരായി.

സബ് ജൂണിയർ വിഭാഗം ഫൈനലിൽ ലൂർദ് കോട്ടയം സെന്റ് ജൂഡ് ഗ്ലോബൽ സ്കൂൾ തലപ്പാടിയെ (23–16) പരാജയപ്പെടുത്തി ജേതാക്കളായി. ലൂർദ് കോട്ടയത്തിന്റെ മിലൻ ടോം ആലപ്പാട്ട് (16 പോയിന്റ്) സെന്റ് ജൂഡ് ഗ്ലോബൽ സ്കൂൾ തലപ്പാടിയുടെ സ്ലീവ് ബെർനന്റോ (എട്ട് പോയിന്റ്) എന്നിവർ ടോപ് സ്കോറർമാരായി. പെൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ ലിറ്റിൽ ഫ്ളവർ കൊരട്ടി ഗിരിദീപം കോട്ടയത്തിനെ (48–36) പരാജയപ്പെടുത്തിയാണു ജേതാക്കളായത്. ലിറ്റിൽ ഫ്ളവർ കോരട്ടിയുടെ അലീന സിബി (14 പോയിന്റ്) ഗിരിദീപം കോട്ടയത്തിന്റെ സ്നേഹ തോമസ് (ഒമ്പത് പോയിന്റ്) എന്നിവർ ടോപ് സ്കോറർമാരായി.


സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി എസ്എച്ച് തേവരയുടെ ഷാരോൺ ഫ്രയ്സിനെയും ഭാവി വാഗ്ദാനമായി ലൂർദ് കോട്ടയത്തിന്റെ സിറിൾ ഏബ്രഹാമിനെയും തെരഞ്ഞെടുത്തു. സബ് ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി ലൂർദ് കോട്ടയത്തിന്റെ മിലൻ ടോം ആലപ്പാട്ടിനെയും ഭാവി വാഗ്ദാനമായി സെന്റ് ജൂഡ് ഗ്ലോബൽ സ്കൂൾ തലപ്പാടിയുടെ സ്റ്റീവ് ബെർനന്റോയെയും തെരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരിയായി ലിറ്റിൽ ഫ്ളവർ കൊരട്ടിയുടെ അലീന സിബിയെയും ഭാവി വാഗ്ദാനമായി ലൂർദ് കോട്ടയത്തിന്റെ ക്രിസ്റ്റീന ആൻ സക്കറിയായെയും തെരഞ്ഞെടുത്തു.

ബാസ്കറ്റ് ബോൾ ടൂർണമെന്റിന്റെ സമാപന സമ്മേളനം ഒളിമ്പ്യൻ ഷൈനി വിൽസൺ ഉദ്ഘാടനം ചെയ്തു. കോട്ടയം ലൂർദ് സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മണക്കളം അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ദ്രോണാചാര്യ കെ.പി. തോമസ് മാഷ് വിജയികൾക്കു സമ്മാനങ്ങൾ നൽകി. പ്രിൻസിപ്പൽ ഫാ. മനോജ് കറുകയിൽ, ടൂർണമെന്റ് കൺവീനർ സണ്ണി ലൂക്കോസ് ചെറുകര എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.