റേഷന്‍കടകള്‍ വഴിയുള്ള ഗോതമ്പുവിതരണം നിര്‍ത്തലാക്കുന്നു
ജോമി കുര്യാക്കോസ്

കോട്ടയം: റേഷന്‍ കടകള്‍ വഴിയുള്ള ഗോതമ്പു വിതരണം നിര്‍ത്തലാക്കുന്നു. പകരം ഇനി ഗോതമ്പു പൊടിച്ച് ആട്ടയാക്കി വിതരണം ചെയ്യും. ഇതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനു നല്കി.

എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഓരോമാസവും കേന്ദ്രവിഹിതമായി അനുവദിക്കുന്ന ഗോതമ്പ് പൂര്‍ണമായും പൊടിച്ച് ആട്ടയാക്കി സപ്ളൈകോ വഴിയും റേഷന്‍ കടകളില്‍ക്കൂടിയും വിതരണം ചെയ്യാനാണ് അനുമതി ലഭിച്ചത്.

ഇതോടെ റേഷന്‍ കടകളില്‍നിന്നുള്ള ഗോതമ്പു വിതരണം നിലയ്ക്കും. മാസം 18,000 മെട്രിക് ടണ്‍ ഗോതമ്പാണു സംസ്ഥാനത്തു റേഷന്‍ കടകളില്‍ക്കൂടി വിതരണം ചെയ്തിരുന്നത്. ഇതില്‍ 5,000 ടണ്‍ പൊടിച്ച് ആട്ടയാക്കി വിതരണം ചെയ്യാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍, പുതിയ അനുമതിയോ ടെ, ലഭിക്കുന്ന ഗോതമ്പു പൂര്‍ണമായും ആട്ടയാക്കി വിതരണം ചെയ്യാനാണു സപ്ളൈകോയുടെ നീക്കം. റേഷന്‍ ഗോതമ്പ് ആട്ടയാക്കി വിതരണം നടത്താന്‍ അനുമതി ലഭിച്ചതു സ്വകാര്യ ഭ ക്ഷ്യോ ത്പാദന കമ്പനികള്‍ക്കു വന്‍നേട്ടമാകും. നിലവില്‍ സപ്ളൈകോയുടെ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. ഇതോടെ സ്വകാര്യ ഫ്ളൌവര്‍ മില്ലുകള്‍വഴി പുറത്തിറങ്ങുന്ന ധാന്യപ്പൊടികള്‍ക്ക് ആവശ്യക്കാര്‍ ഏറും.


ഗോതമ്പു മുഴുവന്‍ പൊടിച്ചു വിപണനം ചെയ്യാന്‍ അനുമതി നല്കുന്ന കത്ത് സംസ്ഥാനത്തിനു ലഭിച്ചു. റേഷന്‍ കടകള്‍ വഴിയുള്ള ഗോതമ്പു വിതരണം നിര്‍ത്തലാക്കുന്നതോടെ സാധാരണക്കാര്‍ക്കു ഗോതമ്പു വാങ്ങാന്‍ മറ്റുമാര്‍ഗമിതെവരും. കേരളത്തില്‍ 12 ഫ്ളൌവര്‍ മില്ലുകളാണു പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ഇടപെടലാണു റേഷന്‍ ഗോതമ്പു വിതരണം നിര്‍ത്തലാക്കാന്‍ ഇടയാക്കിയതെന്നു പറയുന്നു. റേഷന്‍ കടകളില്‍ക്കൂടി മണ്ണെണ്ണ വിതരണം നിര്‍ത്താന്‍ നീക്കം നടന്നത് ഏറെ പ്രതിഷേധത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചു. എല്ലാ റേഷന്‍ സാധനങ്ങളും സ പ്ളൈകോവഴി വിതരണം ചെയ്യാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനും കേന്ദ്രം അനുമതി നല്കിയിട്ടുണ്ട്.