സംസ്ഥാനത്ത് 74 പേര്‍ക്കു പിഎഫ് പെന്‍ഷന്‍ ഒരു രൂപ
Thursday, November 15, 2012 11:06 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 74 പേര്‍ക്കു പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ ഇനത്തില്‍ പ്രതിമാസം ലഭിക്കുന്നത് ഒരു രൂപ മാത്രം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ബീഡി തൊഴിലാളികളാണ് ഇവരില്‍ ഭൂരിഭാഗവുമെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രൊവിഡന്റ് ഫണ്ട് നിയമത്തിലെ കുറഞ്ഞ പെന്‍ഷന്‍ എന്ന വ്യവസ്ഥ ഭേദഗതി ചെയ്തതും പെന്‍ഷന്‍ കണക്കുകൂട്ടുന്നതിലെ അപാകതയുമാണ് പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടിയായത്.
പ്രതിമാസം ലഭിക്കുന്ന ഒരു രൂപ പെന്‍ഷന്‍ കൈയില്‍ കിട്ടണമെങ്കില്‍ ആദ്യം 500 രൂപ നല്‍കി ബാങ്ക് അക്കൌണ്ട് തുടങ്ങണം. ഒരു വര്‍ഷത്തെ പെന്‍ഷന്‍ കൈപ്പറ്റാന്‍ ബാങ്കില്‍ എത്തുന്നതിനു മിനിമം 12 രൂപ ബസ് ചാര്‍ജു നല്‍കുകയും വേണം. ഇങ്ങനെയൊക്കെയാണെങ്കിലും ആരും പെന്‍ഷന്‍ നിരസിക്കാത്തതു തങ്ങള്‍ മരിച്ചാല്‍ ഭാര്യയ്ക്ക് 450 രൂപയും ഇരുപത്തഞ്ചു വയസു തികയാത്ത രണ്ടു മക്കള്‍ക്ക് 150 രൂപ വീതവും പ്രതിമാസ പെന്‍ഷന്‍ ലഭിക്കുമെന്നുള്ളതു കൊണ്ടാണ്.
ഇന്ത്യയിലെ വ്യവസായ തൊഴിലാളികള്‍ക്ക് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ നടപ്പാക്കിയത് 1995 ലാണ്. പെന്‍ഷന്‍ പദ്ധതി ആരംഭിക്കുമ്പോള്‍ കുറഞ്ഞ പെന്‍ഷന്‍ 500 രൂപയായി വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിയമഭേദഗതിയിലൂടെ ഈ വ്യവസ്ഥ ഇല്ലാതാക്കുകയായിരുന്നു.
2010 മാര്‍ച്ച് 31 ലെ കണക്കുപ്രകാരം രാജ്യത്ത് 35 ലക്ഷം ഇപിഎഫ് പെന്‍ഷന്‍കാരാണുള്ളത്. ഇതില്‍ 14 ലക്ഷം പേര്‍ക്ക് മാസപെന്‍ഷന്‍ 500 രൂപയില്‍ താഴെയാണ്. ഇവരില്‍ 2.77 ലക്ഷം പേര്‍ കേരളത്തിലാണ്.
പെന്‍ഷന്‍ തുക നിശ്ചയിക്കുന്നതിലെ അപാകതയാണ് തുക ഇത്രയധികം കുറയാന്‍ കാരണമെന്നു പെന്‍ഷന്‍കാര്‍ പറഞ്ഞു. സര്‍വീസില്‍ നിന്നു വിരമിക്കുന്ന വര്‍ഷത്തെ വരുമാനത്തിന്റെ ശരാശരിയാണ് ഇപ്പോള്‍ പെന്‍ഷന്‍ തുക നിശ്ചയിക്കാനായി കണക്കിലെടുക്കുന്നത്. ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള വേതനം ലഭിക്കുന്ന തൊഴിലുകള്‍ പരിഗണിക്കുമ്പോള്‍ ഈ രീതി അശാസ്ത്രീയമാണ്.
ബീഡി തൊഴിലാളികളുടെ കാര്യമെടുത്താല്‍ ആരോഗ്യവാനായിരിക്കുന്ന കാലത്ത് ചെയ്യുന്ന ജോലിയുടെ പകുതിപോലും വിരമിക്കല്‍ പ്രായത്തില്‍ ചെയ്യാന്‍ കഴിയില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
പെന്‍ഷന്‍ തുക ഇത്രയധികം കുറയുന്നതു പെന്‍ഷന്‍കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 2008 ല്‍ കേന്ദ്ര ലേബര്‍ സെക്രട്ടറി ചെയര്‍മാനായ വിദഗ്ധ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ധനമന്ത്രാലയം അംഗീകരിക്കുകയാണെങ്കില്‍ രാജ്യത്തെ ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് കുറഞ്ഞത് 1000 രൂപ പെന്‍ഷനായി ലഭിക്കും.