ആം ആദ്മിക്കു പിന്തുണയുമായി അന്യസംസ്ഥാനത്തെ അനുഭാവികള്‍
Friday, January 30, 2015 10:56 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന് അധികാരത്തില്‍ തിരിച്ചെത്താനും ആം ആദ്മി പാര്‍ട്ടി ഡല്‍ഹി പിടിച്ചെടുക്കാനുമായി തെരഞ്ഞെടുപ്പു ഫണ്ടിലേക്കു ലക്ഷങ്ങളൊഴുക്കുന്നത് അന്യസംസ്ഥാനങ്ങളിലെ അനുഭാവികള്‍. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള പാര്‍ട്ടി അനുഭാവികളാണു സംഭാവനകളുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഡല്‍ഹി തെരഞ്ഞുെപ്പിനെ അഭിമുഖീകരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ മൊത്തം ചെലവിന്റെ 33 ശതമാനവും എത്തുന്നത് ഈ രണ്ടു സംസ്ഥാനങ്ങളില്‍നിന്നാണ്.

1.56 കോടിയോളം രൂപ മഹാരാഷ്ട്രയില്‍നിന്നും ലഭിച്ചപ്പോള്‍ 83 ലക്ഷം രൂപയായിരുന്നു ബാംഗ്ളൂരില്‍നിന്നുള്ള സംഭാവന. ഓസ്ട്രേലിയയിലെ പഞ്ചാബി ടാക്സി ഡ്രൈവര്‍മാര്‍ മാത്രം പിരിച്ചു നല്‍കിയത് 1.66 കോടി രൂപയാണ്.

ഇന്ത്യയിലെ രണ്ടു ലക്ഷത്തോളം ആളുകളില്‍നിന്നും 63 രാജ്യങ്ങളില്‍ വസിക്കുന്ന ഇന്ത്യക്കാരില്‍നിന്നും തങ്ങള്‍ സംഭാവന സ്വീകരിക്കുന്നുണ്െടന്നു ആം ആദ്മി പാര്‍ട്ടി വക്താവ് പങ്കജ് ഗുപ്ത വ്യക്തമാക്കുന്നു. അമേരിക്ക, കാനഡ, യുഎഇ, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ വസിക്കുന്ന ഇന്ത്യക്കാരില്‍നിന്നും പാര്‍ട്ടിക്കു സംഭാവനയായി ലഭിച്ചത് 10.30 കോടി രൂപയാണ്.

തങ്ങളുടെ സുതാര്യമായ രീതിയിലുള്ള ഫണ്ട് സമാഹാരണത്തെ ജനങ്ങള്‍ നല്ല രീതിയില്‍ മാത്രമേ ഉള്‍ക്കൊള്ളൂവെന്നാണു പാര്‍ട്ടിയുടെ വിശദീകരണം. തെരഞ്ഞെടുപ്പിനു മുന്‍പുള്ള സര്‍വേ ഫലങ്ങളില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കും കേജരിവാളിനും മുന്‍തൂക്കം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കു ലഭിക്കുന്ന സംഭാവനകള്‍ ഇനിയും വര്‍ദ്ധിക്കുമെന്നാണു പ്രതീക്ഷ. ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്നും 2500 വോളണ്ടിയര്‍മാരാണു ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.