ഗാസയില്‍ കനത്ത വ്യോമാക്രമണം
ഗാസയില്‍ കനത്ത വ്യോമാക്രമണം
Sunday, November 18, 2012 10:13 PM IST
ഗാസ: ഇസ്രയേല്‍ സൈന്യവും ഹമാസ് പോരാളികളും തമ്മിലുള്ള പോരാട്ടം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കുന്നു. അനുനയശ്രമങ്ങള്‍ പാളുകയും ഹമാസ് തീവ്രവാദികള്‍ റോക്കറ്റാക്രമണം തുടരുകയും ചെയ്തതോടെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗാസ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് ഇസ്രേലി സൈന്യം രൂപം നല്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്. കരയുദ്ധത്തിനു തയാറെടുത്തു ഗാസ അതിര്‍ത്തിയിലേക്കു വന്‍തോതിലാണ് ഇസ്രയേല്‍ പടയൊരുക്കം നടത്തിയിട്ടുള്ളത്. ഇതിനായി 75,000 റിസര്‍വ് ഭടന്മാരെയാണു ഗാസ അതിര്‍ത്തിയില്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്.

ഇസ്രേലി സൈന്യം ഇന്നലെ ഗാസ നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലു പേര്‍ മരിച്ചു. ഇതില്‍ മൂന്നുപേര്‍ ഹമാസ് തീവ്രവാദികളാണ്. ഇതോടെ കഴിഞ്ഞ നാലുദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ മരണം 34 ആയി.

ഗാസയില്‍ ഭരണം നടത്തുന്ന ഹമാസിന്റെ ആസ്ഥാനത്തിനുനേര്‍ക്കും ഇന്നലെ വ്യോമാക്രമണമുണ്ടായി. പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയയുടെ ഓഫീസും നഗരത്തിലെ വൈദ്യുതവിതരണശൃംഖലയും വ്യോമാക്രമണത്തില്‍ തകര്‍ത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരത്തിനുനേര്‍ക്ക് അഞ്ചു മിസൈലുകളാണു പതിച്ചത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഇതോടെ നഗരജീവിതം ദുഃസഹമായിരിക്കുകയാണ്. ഇസ്രയേലിന്റെ വാണിജ്യനഗരമായ ടെല്‍ അവീവില്‍ ഹമാസ് ഇന്നലെയും നിരവധി തവണ റോക്കറ്റാക്രമണം നടത്തി.

ഗാസ നഗരത്തില്‍ ഇന്നലെയും നിരവധി സ്ഫോടനങ്ങളുണ്ടായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമെന്നറിയപ്പെടുന്ന ഗാസ നഗരത്തിനു തെക്കുള്ള ജബാലിയ അഭയാര്‍ഥിക്യാമ്പിലും ആക്രമണമുണ്ടായി. ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 30 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ജബാലിയയില്‍ ഹമാസിന്റെ പ്രമുഖ നേതാവിന്റെ വീടിനുനേര്‍ക്കു വ്യോമാക്രമണമുണ്ടായി.


റോക്കറ്റാക്രമണം നടത്തുന്ന സംഘങ്ങള്‍ക്കുനേരെയും ആയുധങ്ങള്‍ ശേഖരിച്ചുവച്ചിട്ടുള്ള കേന്ദ്രങ്ങള്‍ക്കുനേരെയും ദക്ഷിണഗാസയിലെ ഈജിപ്ത് അതിര്‍ത്തിയോടു ചേര്‍ന്ന തുരങ്കങ്ങള്‍ക്കുനേരെയുമാണു മിസൈലാക്രമണം നടത്തിയതെന്നാണ് ഇസ്രേലി സര്‍ക്കാര്‍ ഇന്നലെ അറിയിച്ചത്. 120 റോക്കറ്റ് ലോഞ്ചറുകളുള്‍പ്പെടെ 200 ലക്ഷ്യകേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രേലി സൈനികവക്താവ് ആവിറ്റാല്‍ ലെയ്ബൊവിച്ച് അറിയിച്ചു. കരയുദ്ധത്തേക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും എന്നാല്‍ ഇത് ആസന്നമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ബ്രിട്ടനും ഇടപെട്ടു തുടങ്ങി. അനുനയനീക്കവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും രംഗത്തുണ്ട്. ഇരു കൂട്ടരും ഏത്രയുംപെട്ടെന്ന് അക്രമം അവസാനിപ്പിക്കണമെന്ന് ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.

സ്വയം പ്രതിരോധിക്കുവാനുള്ള ഇസ്രയേലിന്റെ അവകാശത്തിനു പിന്തുണ നല്‍കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി ഇന്നലെ നടത്തിയ ഫോണ്‍സംഭാഷണത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കി. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യക്തമാക്കി.

ബുധനാഴ്ച ഇസ്രായേലിവ്യോമാക്രമണത്തില്‍ ഹമാസ് മേധാവി അഹമ്മദ് ജബാരി കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്. മരിച്ച പലസ്തീനിയന്‍കാരില്‍ എട്ടു കുട്ടികളും ഒരു ഗര്‍ഭിണിയുമുള്‍പ്പെടെ 16 സാധാരണക്കാരും 13 ഭീകരരും ഉള്‍പ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.