മഹാത്മാഗാന്ധിയുടെ കത്തുകള്‍ ലണ്ടനില്‍ ലേലത്തിന്
ലണ്ടന്‍: മഹാത്മാഗാന്ധി എഴുതിയ രണ്ടു കത്തുകള്‍ ലേലത്തിന്. രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരന്‍ ദ്വിജേന്ദ്ര നാഥിനെഴുതിയ കത്ത് ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ ഒരു കേന്ദ്രത്തില്‍ അടുത്തമാസം ലേലം ചെയ്യുന്നത്. കത്തുകളും ഇന്ത്യന്‍ ഭരണഘടനയുടെ ഒരു അപൂര്‍വ കോപ്പിയും ഡിസംബര്‍ പന്ത്രണ്ടിനുള്ള ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

1922ല്‍ സബര്‍മതി ജയിലില്‍ നിന്നു ദ്വിജേന്ദ്രനാഥിനെഴുതിയ കത്തില്‍ താന്‍ തടവിലാക്കപ്പെട്ടതു പൂര്‍ണ സജ്ജനായ അവസരത്തിലാണെന്നതു തന്നെ സന്തോഷിപ്പിക്കുന്നതായി ഗാന്ധിജി സൂചിപ്പിക്കുന്നു. 5,000 മുതല്‍ 7,000 വരെ പൌണ്ട് വിലയാണ് കത്തിനു കണക്കാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനുടെ ആദ്യ എഡിഷന്‍ കോപ്പിയില്‍ ഡോ. രാജേന്ദ്ര പ്രസാദിന്റെ കൈയൊപ്പുമുണ്ട്.