ചൈന തണുത്തു വിറയ്ക്കുന്നു
ചൈന തണുത്തു വിറയ്ക്കുന്നു
Sunday, January 6, 2013 10:33 PM IST
ഷാങ്ഗായ്: താപനില കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ ചൈന തണുത്തു വിറയ്ക്കുന്നു. പലയിടത്തും ഇതു ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കടല്‍ജലം തണുത്തുറഞ്ഞ് ഐസ് കട്ടകളായതോടെ വിവിധ മേഖലകളിലായി ആയിരത്തോളം കപ്പലുകള്‍ കുടുങ്ങിക്കിടക്കുകയാണ്.

കഴിഞ്ഞ നവംബര്‍ മുതലാണ് രാജ്യത്ത് അതിശൈത്യം ആരംഭിച്ചത്. പലയിടത്തും ഇപ്പോഴത്തെ താപനില മൈനസ് 3.8 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ 28 വര്‍ഷത്തിനുള്ളില്‍ ഇതാദ്യമാണ് താപനില ഇത്രമാത്രം താഴുന്നത്. കിഴക്കന്‍മേഖലയിലെ ഷാംന്‍ഡോംഗ് പ്രവിശ്യയില്‍പ്പെട്ട ലെയ്ഷോ ഉള്‍ക്കടലിലാണ് കപ്പല്‍ഗതാഗതം പ്രതിസന്ധിയിലായത്. ഇവിടെ 291 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടല്‍ജനം തണുത്തുറഞ്ഞ് കിടക്കുകയാണെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്നാണ് യാത്ര പുനരാരംഭിക്കാനാവാതെ വിവിധ ഭാഗങ്ങളിലായി കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നത്.


മഞ്ഞുവീഴ്ചയും മൂടലും റോഡ്, വ്യോമ ഗതാഗതത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തലസ്ഥാനനഗരമായ ബെയ്ജിംഗില്‍നിന്നുള്ള 140 വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. മഞ്ഞുവീഴ്ച ശക്തമായതോടെ ബെയ്ജിംഗ്-ഹോങ്കോംഗ്-മക്കാവു എക്സ്പ്രസ് വേയിലെ ചില ഭാഗങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്നു തെക്കുകിഴക്കന്‍ ജിയാംക്സി പ്രവിശ്യയില്‍ പലയിടത്തും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രധാന ദേശീയപാതയില്‍ അഞ്ചുകിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി ചൈന ഡെയ്ലി റിപ്പോര്‍ട്ടു ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.