ഗാസ സംഘര്‍ഷം: ചര്‍ച്ച വീണ്ടും തുടങ്ങണമെന്നു മഹമ്മൂദ് അബ്ബാസ്
Sunday, August 24, 2014 11:47 PM IST
ജറുസലം: ഗാസയിലെ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടത്തുന്ന ചര്‍ച്ച അടിയന്തരമായി പുനരാരംഭിക്കേണ്ടതുണ്െടന്നു പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ഗാസ മുനമ്പില്‍ ഇസ്രേലി സൈന്യം വ്യോമാക്രമണവും ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണവും തുടരുന്ന സാഹചര്യത്തിലാണ് അബ്ബാസിന്റെ ആഹ്വാനം. ആറാഴ്ചയായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുവിഭാഗവും ചര്‍ച്ച പുനരാരംഭിക്കണമെന്നും യുദ്ധത്തെത്തുടര്‍ന്നു ദുരിതമനുഭവിക്കുന്ന ഗാസയിലെ 18 ലക്ഷത്തോളം ജനങ്ങള്‍ക്കു സഹായമെത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്നും അബ്ബാസ് അഭ്യര്‍ഥിച്ചു. കൂടുതല്‍ ആളപായം ഉണ്ടാകാതിരിക്കാന്‍ ഈജിപ്തിലെ ചര്‍ച്ച പുനരാരംഭിക്കുകയെന്നതാണു തന്റെ പ്രധാന ലക്ഷ്യമെന്നു കയ്റോയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആബ്ദല്‍ ഫത്താ-അല്‍സിസിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അബ്ബാസ് പറഞ്ഞു.

അതേസമയം, സെന്‍ട്രല്‍ ഗാസയിലെ ഒരു വീടിനു നേര്‍ക്ക് ഇന്നലെ ഇസ്രേലി സേന നടത്തിയ മിസൈലാക്രമണത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ അഞ്ചു കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുകയും മറ്റിടങ്ങളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി ഗാസ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ ഹമാസിന്റെ 20 കേന്ദ്രങ്ങള്‍ക്കുനേരേ വ്യോമാക്രമണം നടത്തിയതായി ഇസ്രേലി സേനയും സ്ഥിരീകരിച്ചു.


ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇരുവിഭാഗവുമായി പരോക്ഷമായി നടത്തിവന്ന സമാധാന ചര്‍ച്ച ചൊവ്വാഴ്ച ഹമാസ് ഭീകരര്‍ ഇസ്രായേലിലേക്കു റോക്കറ്റാക്രമണം നടത്തിയതോടെ പരാജയപ്പെട്ടിരുന്നു. ആക്രമണം തുടര്‍ന്നാല്‍ ഹമാസ് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹു ഇന്നലെ മുന്നറിയിപ്പു നല്‍കി.

ഇസ്രേലി സേനയ്ക്കു വിവരം ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ചു ഹമാസ് ഭീകരര്‍ വെള്ളിയാഴ്ച പരസ്യമായി വെടിവച്ചുകൊന്ന 18 പലസ്തീന്‍കാരില്‍ രണ്ടു സ്ത്രീകളുമുണ്െടന്നാണു റിപ്പോര്‍ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.