റഷ്യക്കെതിരേ കൂടുതല്‍ ഉപരോധം വരും
Sunday, August 31, 2014 11:45 PM IST
ബ്രസല്‍സ്: യുക്രെയ്നിലെ റഷ്യന്‍ ഇടപെടല്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റഷ്യക്കുനേരേ കൂടുതല്‍ ഉപരോധം പ്രഖ്യാപിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുങ്ങുന്നു. യുക്രെയ്നു 100 കോടി ഡോളര്‍ വായ്പ നല്കാനും യൂണിയന്‍ തീരുമാനിച്ചു.

യുക്രെയ്നിന്റെ കിഴക്കും തെക്കും ഭാഗങ്ങളില്‍ റഷ്യയെ അനുകൂലിക്കുന്ന വിമതരുടെ സേനയോടൊപ്പം റഷ്യന്‍ സേനയും പൊരുതുന്നുണ്െടന്നാണു യുക്രെയ്ന്‍ പരാതിപ്പെടുന്നത്. ലുഹാന്‍സ്കിനു കിഴക്കുള്ള ഒരു ചെറുപട്ടണം റഷ്യന്‍ ടാങ്കുകള്‍ നിലംപരിശാക്കി. ലുഹാന്‍സ്കിനു സമീപത്തുനിന്നു യുക്രെയ്ന്‍ സേന പിന്‍വാങ്ങുകയും ചെയ്തു. ഡോണെട്സ്കിനു സമീപം വിമതരുടെ വലയിലായ യുക്രെയ്ന്‍ സേന രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.


യുക്രെയ്നില്‍ ഇതുവരെ 2600 പൌരന്മാരും 800 ഗവണ്‍മെന്റ് സേനാംഗങ്ങളും കൊല്ലപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ ഓഫീസര്‍ പറഞ്ഞു. യുക്രെയ്നിന്റെ ഒരു എസ്യു 25 യുദ്ധവിമാനം ഇന്നലെ വിമതര്‍ വെടിവച്ചു വീഴ്ത്തി. ഒരു പുതിയ റഷ്യന്‍ സാമ്രാജ്യം സ്ഥാപിക്കാനാണു പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ശ്രമിക്കുന്നതെന്ന് പോളിഷ് പ്രസിഡന്റ് ബ്രോനിസ്ലാവ് കൊമോറോവ്സ്കി പറഞ്ഞു.

യുക്രെയ്ന്‍ പ്രസിഡന്റ് പോറോഷെങ്കോ വെള്ളിയാഴ്ച ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.