യുക്രെയ്ന്‍-യൂറോപ്യന്‍ യൂണിയന്‍ കരാറിന് അംഗീകാരം
യുക്രെയ്ന്‍-യൂറോപ്യന്‍ യൂണിയന്‍ കരാറിന് അംഗീകാരം
Wednesday, September 17, 2014 11:15 PM IST
കീവ്: യുക്രെയ്ന്‍ യൂറോപ്യന്‍ യൂണിയനുമായുള്ള രാഷ്ട്രീയസഖ്യ കരാറും വാണിജ്യകരാറും അംഗീകരിച്ചു. ഒപ്പം റഷ്യന്‍ അതിര്‍ത്തിയിലുള്ള പ്രവിശ്യയ്ക്ക് സ്വയംഭരണം അനുവദിക്കുകയും വിമതഭടന്മാര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തു. ഏകകണ്ഠമായാണ് യുക്രെയ്ന്‍ പാര്‍ലമെന്റ് യൂറോപ്യന്‍ യൂണിയനുമായി രാഷ്ട്രീയസഖ്യത്തിനുള്ള കരാര്‍ അംഗീകരിച്ചത്. ഇതേസമയം സ്ട്രാസ്ബൂറില്‍ യൂറോ പാര്‍ലമെന്റും കരാര്‍ അംഗീകരിച്ചു.

ഈ കരാറാണ് യുക്രെയ്നില്‍ മാസങ്ങളായി തുടരുന്ന പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനം. റഷ്യന്‍ പക്ഷപാതിയായിരുന്ന മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് കഴിഞ്ഞ നവംബറില്‍ കരാറിനെതിരായ നിലപാട് സ്വീകരിച്ചു. തുടര്‍ന്നു യൂറോപ്യന്‍ പക്ഷപാതികള്‍ യാനുകോവിച്ചിനെ പുറത്താക്കി. അദ്ദേഹം റഷ്യയില്‍ അഭയംതേടി. ഇതിനുശേഷമാണ് റഷ്യന്‍ അനുകൂലികള്‍ ക്രിമിയയെ സ്വതന്ത്രമായി പ്രഖ്യാപിച്ചതും ലുഹാന്‍സ്ക്, ഡോണെട്സ്ക് പ്രവിശ്യകളില്‍ റഷ്യന്‍ അനുകൂല വിമതര്‍ റഷ്യന്‍ സൈനികസഹായത്തോടെ വിഘടനത്തിനായി പോരാടിയതും. ഈ പോരാട്ടങ്ങളില്‍ മൂവായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. മൂന്നുലക്ഷത്തിലേറെപ്പേര്‍ ഭവനരഹിതരായി.


യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പോറോഷെങ്കോയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ടെലിഫോണില്‍ സംസാരിച്ച് വെടിനിറുത്തിയ ശേഷമാണ് യൂറോപ്യന്‍ യൂണിയനുമായി കരാര്‍ അംഗീകരിക്കാന്‍ ധാരണയുണ്ടാക്കിയത്. ഇതനുസരിച്ച് വാണിജ്യകരാര്‍ നടപ്പാക്കല്‍ 2016 ജനുവരി ഒന്നിലേക്കു നീട്ടിവച്ചു. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതിച്ചുങ്കമില്ലാതെ യുക്രെയ്നിലെത്തുന്നതു റഷ്യയുടെ ഒരു കമ്പോളം നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നാണ് റഷ്യയുടെ പേടി. അതിനാലാണ് വാണിജ്യകരാര്‍ നടപ്പാക്കല്‍ ഒരുവര്‍ഷം നീട്ടിയത്. ഇപ്പോഴും യുക്രെയ്നിലെ വിഘടനഭീഷണി മാറിയിട്ടില്ല.

റഷ്യന്‍ സഹായമുള്ള വിമതര്‍ സ്വയംഭരണത്തില്‍ തൃപ്തരല്ല. ലുഹാന്‍സ്കും ഡോണെട്സ്കും ചേര്‍ത്ത് നോവോറോസിയ എന്നൊരു രാജ്യമുണ്ടാക്കണമെന്ന് വിമതര്‍ ആഗ്രഹിക്കുന്നു. പുടിനും അതാണ് ആഗ്രഹം. എന്നാല്‍, യൂറോപ്യന്‍-അമേരിക്കന്‍ ഉപരോധങ്ങള്‍ മൂലം വിഷമിക്കുന്ന പുടിന്‍ അതിനു വിമതരെ പ്രേരിപ്പിക്കുമോ എന്ന് പലരും സംശയിക്കുന്നു. റഷ്യയുമായി ചര്‍ച്ച നടത്തിയാണ് ഇന്നലത്തെ പാര്‍ലമെന്റ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.