ഹോങ്കോംഗില്‍ സമരം മുറുകി; നിലപാടു കടുപ്പിച്ചു ചൈന
Wednesday, October 1, 2014 12:22 AM IST
ഹോങ്കോംഗ്:ജനാധിപത്യാനുകൂലികള്‍ ഹോങ്കോംഗില്‍ അഞ്ചാംദിവസവും സമരം തുടരുന്നതിനിടെ നിലപാടു കടുപ്പിച്ച് ചൈന രംഗത്തെത്തി. ബെയ്ജിംഗ് നിയമിച്ച ചീഫ്എക്സിക്യൂട്ടീവ് ലിയുംഗ് ഇന്നു രാജിവയ്ക്കണമെന്നും തെരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍ക്കു തുടക്കം കുറിക്കണമെന്നും സമരനേതാക്കള്‍ പുറപ്പെടുവിച്ച അന്ത്യശാസനത്തില്‍ ചൈനയോട് ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തപക്ഷം നിയമനിഷേധം ഉള്‍പ്പെടെയുള്ള പുതിയ സമരമുറയ്ക്കു രൂപം നല്‍കുമെന്നും അവര്‍ പറഞ്ഞു. ഇന്നു ദേശീയ ദിനം ആചരിക്കാനുള്ള ഒരുക്കം ബെയ്ജിംഗില്‍ നടക്കുന്നതിനിടെയാണ് പ്രക്ഷോഭകര്‍ അന്ത്യശാസനം നല്‍കിയത്.

എന്നാല്‍ രാജി ആവശ്യം ത ള്ളിയ ലിയുംഗ് ബെയ്ജിംഗില്‍നിന്ന് യാതൊരു ആനുകൂല്യവും പ്രതീക്ഷിക്കേണ്െടന്ന് സമരനേതാക്കള്‍ക്കു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. 2017ല്‍ ഹോങ്കോംഗില്‍ നടക്കുന്ന പ്രഥമ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ പട്ടിക ബെയ്ജിംഗ് ഭരണകൂടത്തിന്റെ സമ്മതത്തോടെ മാത്രമേ തയാറാക്കാവൂ എന്ന ഉത്തരവാണ് സമരക്കാരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ചൈനയുടെ കൈകടത്തല്‍ അംഗീകരിക്കില്ലെന്നു പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നവരില്‍ പ്രമുഖനായ ഹോങ്കോംഗ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിലെ വിദ്യാര്‍ഥി ചൊലേ ചെയുംഗ് പറഞ്ഞു. യൂണിവേഴ്സിറ്റിയിലെയും ഹൈസ്കൂളുകളിലെയും നിരവധി വിദ്യാര്‍ഥികള്‍ സമരരംഗത്തുണ്ട്.


സമരം അവസാനിപ്പിച്ചു പിരിഞ്ഞുപോകണമെന്ന് ലിയുംഗ് വീണ്ടും ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ അവഗണിച്ചു. സമരം അടിച്ചമര്‍ത്താന്‍ ചൈനീസ് സൈന്യത്തെ ഇറക്കില്ലെന്നും ഹോങ്കോംഗ് പോലീസിനു തന്നെ ഇതു കൈകാര്യം ചെയ്യാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ടിയാനന്‍മെന്നിലെ ജനാധിപത്യസമരത്തിനു ശേഷം ചൈന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. മുന്‍ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിന്റെ നിയന്ത്രണം ചൈനയ്ക്കു ലഭിച്ചത് 1997ലാണ്. ഹോങ്കോംഗ് പ്രശ്നം ചൈനയുടെ ആഭ്യന്തരകാര്യമാണെന്നും വിദേശരാജ്യങ്ങള്‍ ഇതില്‍ ഇടപെടരുതെന്നും കഴിഞ്ഞ ദിവസം ബെയ്ജിംഗ് ഭരണകൂടം മുന്നറിയിപ്പു നല്‍ കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.