പോള്‍ ആറാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
പോള്‍ ആറാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
Monday, October 20, 2014 11:21 PM IST
വത്തിക്കാനില്‍നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍

പോള്‍ ആറാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പോപ്പ് എമിരിറ്റസ് ബനഡിക്ട് പതിനാറാമന്റെ സാന്നിധ്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 2015 ഒക്ടോബര്‍ നാലു മുതല്‍ 25 വരെ നടക്കുന്ന, കുടുംബത്തിന്റെ വിളിയെയും ദൌത്യത്തെയും കുറിച്ചുള്ള, സാധാരണ സിനഡിനു വേണ്ടി ഒരുങ്ങാനും പ്രാര്‍ഥിക്കാനും പ്രാദേശിക സഭകളോടും മെത്രാന്‍മാരോടും ആവശ്യപ്പെട്ടുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ ഒക്ടോബര്‍ അഞ്ചിനു തുടങ്ങിയ അസാധാരണ സിനഡ് സമാപിച്ചതായും പ്രഖ്യാപിച്ചു.

ഇന്നലെ രാവിലെ 10:30ന് സെന്റ് പീറ്റേഴ്സ് ചത്വരവും ചുറ്റുപാടും നിറഞ്ഞു കവിഞ്ഞ വിശ്വാസികളുടെ സാന്നിധ്യത്തിലായിരുന്നു പോള്‍ ആറാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന കര്‍മങ്ങള്‍. കുടുംബത്തിന്റെ വെല്ലുവിളികളെക്കുറിച്ചു വത്തിക്കാനില്‍ നടന്നുവന്ന അസാധാരണ സിനഡില്‍ പങ്കെടുത്ത 191 ബിഷപ്പുമാരെ കൂടാതെ മറ്റു 300 മെത്രാന്‍മാരും 5,000 വൈദികരും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി.

ഇന്ത്യയില്‍നിന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ, ഏഷ്യയിലെ മെത്രാന്‍സമിതികളുടെ ഫെഡറേഷന്‍ പ്രസിഡന്റും മുബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.

പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ രക്തം പുരണ്ട വസ്ത്രമാണു തിരുശേഷിപ്പ് വണക്കത്തിനായി സമര്‍പ്പിക്കപ്പെട്ടത്. 1970 നവംബര്‍ 28നു ഫിലിപ്പീന്‍സിലെ മനില വിമാനത്താവളത്തില്‍ ആക്രമിക്കപ്പെട്ടപ്പോഴാണ് അദ്ദേഹം രക്തംചൊരിഞ്ഞത്. അന്ന് അദ്ദേഹം അണിഞ്ഞിരുന്ന വസ്ത്രത്തിന്റെ ഭാഗമാണ് ഇന്നു തിരുശേഷിപ്പായി മാറിയിരിക്കുന്നത്.

പോള്‍ ആറാമന്‍ മാര്‍പാപ്പായ്ക്കു തന്റെ എണ്‍പതാമത്തേതും അവസാനത്തേതുമായ ജന്മദിനത്തിനു സമ്മാനമായി ലഭിച്ച തിരുവസ്ത്രമാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ തിരുക്കര്‍മത്തില്‍ അണിഞ്ഞത്. അദ്ദേഹം ഉപയോഗിച്ചിരുന്ന കാസയും ഇടയവടിയും ഇന്നലത്തെ തിരുക്കര്‍മത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിച്ചു.

വിശുദ്ധ കുര്‍ബാന മധ്യേ പോള്‍ ആറാമന്‍ പാപ്പായുടെ മാതൃരൂപതയായ ബ്രേഷായിലെ ബിഷപ് ലുച്ചാനോ മൊണാറി, പോള്‍ ആറാമന്‍ പാപ്പയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നു പരിശുദ്ധ പിതാവിനോട് അപേക്ഷിച്ചു. നാമകരണ നടപടികളുടെ പോസ്റുലേറ്റര്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ലഘു ജീവചരിത്രം ഇറ്റാലിയന്‍ ഭാഷയില്‍ വായിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ പോള്‍ ആറാമന്‍ പാപ്പായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും സെപ്റ്റംബര്‍ 26 ആയിരിക്കും അദ്ദേഹത്തിന്റെ തിരുനാള്‍ ദിനമെന്ന് അറിയിക്കുകയും ചെയ്തു. 1897 സെപ്റ്റംബര്‍ 26നു ജനിച്ച് 1978 ഓഗസ്റ് ആറിനാണു പോള്‍ ആറാമന്‍ മാര്‍പാപ്പ കാലംചെയ്തത്. 2012 ഡിസംബര്‍ 20നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, പോള്‍ ആറാമന്‍ പാപ്പാ വീരോചിതമായി പുണ്യജീവിതം നയിച്ചുവെന്നു പ്രഖ്യാപിച്ചു.


മനുഷ്യന്റെ ഏക കര്‍ത്താവും ഏക ആവശ്യവുമായ ദൈവത്തിനു നല്കാനുള്ളതു മുഴുവന്‍ പോള്‍ ആറാമന്‍ പാപ്പാ തന്റെ ജീവിതകാലത്തു നല്കിയെന്നു സുവിശേഷ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ധീരനായ ക്രൈസ്തവനും ദൈവത്തിനുമുമ്പില്‍ ജീവിച്ച പ്രവാചകനുമായിരുന്നു അദ്ദേഹം. ഈശോയില്‍ കണ്ണുനട്ട് സുവിശേഷത്തിന്റെ വഴിയിലൂടെയാണ് അദ്ദേഹം വിശുദ്ധ പദവിലേക്ക് ഓടിക്കയറിയത്.

സഭയെ നയിക്കുന്നതും ഭരിക്കുന്നതും ഈശോ മാത്രമാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം സഭയ്ക്കുവേണ്ടി സഹിക്കാനും സഭൈക്യത്തിനുവേണ്ടി മരിക്കാനുമാണു ദൈവം തന്നെ വിളിച്ചിരിക്കുന്നതെന്നു തന്റെ ജീവിതകാലത്തു സാക്ഷ്യപ്പെടുത്തിയിരുന്നു. മിശിഹായ്ക്കും സഭയ്ക്കും എളിമയുള്ള പ്രവാചകസാക്ഷ്യം നല്കിയതിനു പോള്‍ ആറാമന്‍ പാപ്പായോടു നന്ദി പറയുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.വിവിധ രാഷ്ട്ര- ഭരണ നേതാക്കളും സാമൂഹിക, സാംസ്കാരിക, മത, സഭാ പ്രതിനിധികളുടെ വലിയനിരയും പോള്‍ ആറാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന കര്‍മങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പും ശേഷവും ഫ്രാന്‍സിസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമനെ ആശ്ളേഷിച്ചു.

കത്തോലിക്കാ സഭയുടെ ഐക്യവും സാര്‍വത്രികതയും വെളിവാക്കപ്പെട്ട പ്രൌഢഗംഭീരമായ കര്‍മങ്ങള്‍ക്കാണ് ഇന്നലെ വത്തിക്കാന്‍ സാക്ഷ്യംവഹിച്ചത്. പ്രഭാതത്തില്‍ തന്നെ ആയിരക്കണക്കിനു വിശ്വാസികളെക്കൊണ്ടു സെന്റ് പീറ്റേഴ്സ് ചത്വരം നിറഞ്ഞുകവി ഞ്ഞിരുന്നു.

അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സാധാരണ സിനഡില്‍ പരിഗണനയ്ക്കു വരുന്നതിനുമുമ്പ് പ്രാദേശിക മെത്രാന്‍സമിതികള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള കരടുരേഖ അംഗീകരിക്കപ്പെട്ടു.

വിവാഹമോചനം, കാനോനികമല്ലാത്ത പുനര്‍വിവാഹം എന്നിവയില്‍ ഏര്‍പ്പെട്ടവരുടെ വിശുദ്ധ കുര്‍ബാന സ്വീകരണം, സ്വവര്‍ഗ ലൈംഗികത എന്നീ വിഷയങ്ങള്‍ അവസാന കരടുരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരക്കാരുടെ പ്രവൃത്തികള്‍ അംഗീകരിക്കുന്നില്ലെങ്കിലും എല്ലാവരെയും സഹാനുഭൂതിയോടെ കാണുന്നതാണു ക്രിസ്തുചൈതന്യമെന്നു മാര്‍പാപ്പ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.