ആകാശമോക്ഷത്തിന്‍ പ്രഭയില്‍ വത്തിക്കാന്‍ ചത്വരം
ആകാശമോക്ഷത്തിന്‍ പ്രഭയില്‍ വത്തിക്കാന്‍ ചത്വരം
Monday, November 24, 2014 11:36 PM IST
വത്തിക്കാനില്‍നിന്നു സിജോ പൈനാടത്ത്

ആകാശമോക്ഷത്തിന്‍ പ്രഭയില്‍
ദൈവപിതാവിന്‍ മടിയില്‍
വത്സലസുതരായ് വാഴുന്നോരേ
വാഴ്ത്തുന്നു സാദരം ഞങ്ങള്‍
കുര്യാക്കോസ് ഏലിയാസ്
പുണ്യവാവിേശുദ്ധയാം എവുപ്രാസ്യേ
വന്ദ്യതായേ
ഞങ്ങളെയോര്‍ക്കേണമേ,
ഞങ്ങള്‍ക്കായ് പ്രാര്‍ഥിക്കേണേ...

വത്തിക്കാന്‍ ചത്വരത്തിന്റെ വിശുദ്ധ പകലില്‍ ഈ പാട്ടുവരികള്‍ ഉയര്‍ന്നപ്പോള്‍, തങ്ങള്‍ക്കായി ദൈവത്തിനു മുമ്പില്‍ മാധ്യ

സ്ഥ്യം യാചിക്കാന്‍ രണ്ടു വിശുദ്ധരെക്കൂടി ലഭിച്ചതിന്റെ ആത്മീയാഹ്ളാദത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസിസാഗരം അതേറ്റുപാടി. ആഗോളസഭയുടെ അള്‍ത്താരയില്‍ ചരിത്രനിമിഷങ്ങള്‍ക്ക് അകമ്പടിയായ പാട്ടുകള്‍ക്കു വരികള്‍ കുറിച്ച വൈദികന് അത്, ജീവിതസാക്ഷാത്കാരത്തിന്റെ പുണ്യമൂഹൂര്‍ത്തം കൂടിയായി. ഒരു മലയാളി എഴുതിയ മലയാളഗാനം വത്തിക്കാന്‍ ചത്വരത്തില്‍ അലയടിച്ചത് അത്യപൂര്‍വം.

ഫാ. റോയി കണ്ണന്‍ചിറ സിഎംഐയുടെ വരികളാണു ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനച്ചടങ്ങിന്റെ ആരംഭത്തില്‍ ആലപിക്കപ്പെട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും ആഗോളസഭയിലെ കര്‍ദിനാള്‍മാരുടെയും മലയാളികളുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികളുടെയും മുമ്പില്‍ തന്റെ വരികള്‍ സംഗീതമായപ്പോള്‍ വത്തിക്കാന്‍ ചത്വരത്തിന്റെ കൂറ്റന്‍ തൂണുകള്‍ക്കിടയില്‍ നിറഞ്ഞ സംതൃപ്തിയോടെ ഗാനരചയിതാവുമുണ്ടായിരുന്നു.


നാമകരണ ചടങ്ങുകളില്‍ ആലപിക്കുന്നതിനുവേണ്ടി ഏറെ നാളത്തെ പ്രാര്‍ഥനയ്ക്കും ഒരുക്കത്തിനും ശേഷമാണു പാട്ടെഴുതിയതെന്ന് അദ്ദേഹം പറയുന്നു. ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും ജീവിതത്തെ ആധാരമാക്കി, അവരുടെ മാധ്യ

സ്ഥ്യം അപേക്ഷിക്കുന്നതും എല്ലാവര്‍ക്കും ആലപിക്കാനാവുന്നതുമായ ഗാനം ചിട്ടപ്പെടുത്തുകയായിരുന്നു ദൌത്യം. ഈണമൊരുക്കാന്‍ സിഎംഐ സഭാംഗം തന്നെയായ ഫാ.ആന്റണി ഉരുളിയാനിക്കലും ചേര്‍ന്നതോടെ അതു വിജയമായി.

ഡിസിഎല്‍ കൊച്ചേട്ടന്‍ എന്ന നിലയില്‍, കൊച്ചേട്ടന്റെ കത്തുകളിലൂടെയും ചോക്ളേറ്റിലൂടെയും ദീപിക പ്രസിദ്ധീകരിച്ച ആയിരത്തോളം ലേഖനങ്ങളേക്കാള്‍ ആത്മസംതൃപ്തി നല്‍കുന്നതാണു നാമകരണ നടപടികള്‍ക്കായി പാട്ടെഴുതിയ അനുഭവമെന്നു ഫാ. റോയി കണ്ണന്‍ചിറ പറഞ്ഞു.

റവ.ഡോ. ചെറിയാന്‍ കുനിയന്തോടത്ത് രചിച്ച് അനില്‍ ആന്റണി ഈണമിട്ട കാലമുയര്‍ത്തിയ നക്ഷത്രങ്ങള്‍ കേരളസഭയുടെ ദീപങ്ങള്‍ എന്നാരംഭിക്കുന്ന ചാവറ-എവുപ്രാസ്യ ആന്തവും നാമകരണ ചടങ്ങുകള്‍ക്കിടയില്‍ ആലപിച്ചു. 15 വൈദികരുള്‍പ്പടെ മലയാളികളായ 40 പേരടങ്ങിയ ഗായകസംഘമാണു നാമകരണച്ചടങ്ങുകളില്‍ ഗാനങ്ങള്‍ ആലപിച്ചത്.

സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളിലെ വിവിധ സന്യസ്തസഭകളില്‍നിന്നുള്ള സന്യാസിനികളും അല്മായരും സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.