യൂറോപ്യന്‍ യൂണിയന്‍ വിടാനും മടിക്കില്ല: കാമറോണ്‍
യൂറോപ്യന്‍ യൂണിയന്‍ വിടാനും മടിക്കില്ല: കാമറോണ്‍
Saturday, November 29, 2014 11:38 PM IST
ലണ്ടന്‍: അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രംഗത്ത്. യൂറോപ്യന്‍ കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കാനും ബ്രിട്ടന്‍ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

എന്നാല്‍ ഇത്തരത്തിലൊരു നടപടിയെടുക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ക്ക് നിലവില്‍ അംഗരാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനും കുടിയേറുന്നതിനും ഏറെ സ്വാതന്ത്യമുണ്ട്. ഈ സൌകര്യമുപയോഗിച്ച് കിഴക്കന്‍ യൂറോപ്പില്‍നിന്ന് നിരവധി കുടിയേറ്റക്കാര്‍ എത്തുന്നുണ്ടന്നും ഇവര്‍ പല ക്ഷേമപദ്ധതികളുടെയും ആനൂകൂല്യം അനര്‍ഹമായി നേടുന്നുവെന്നുമാണു പരാതി.

മേയിലെ തെരഞ്ഞെടുപ്പില്‍ തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്താല്‍ യൂറോപ്യന്‍ യൂണിയനുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. കുടിയേറ്റം നിയന്ത്രിക്കുന്ന കാര്യത്തില്‍ ധാരണയായാല്‍ പരിഷ്കരിച്ച യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരും. അല്ലാത്തപക്ഷം യൂണിയന്‍ വിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ തള്ളിക്കളയാനാവില്ലെന്നു കാമറോണ്‍ വ്യക്തമാക്കി.


രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിനു സജ്ജമായിക്കൊണ്ടിരിക്കേ കുടിയേറ്റത്തെയാണ് വലിയ പ്രശ്നമായി ബ്രിട്ടനിലെ വോട്ടര്‍മാര്‍ കാണുന്നതെന്നു തെരഞ്ഞെടുപ്പ് അഭിപ്രായസര്‍വേകള്‍ സൂചിപ്പിക്കുന്നു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍, പ്രത്യേകിച്ചു യുവാക്കള്‍ മികച്ച ജോലികള്‍ സ്വന്തമാക്കുകയും ചെറിയ നികുതി മാത്രം അടയ്ക്കുകയാണെന്ന പരാതി വ്യാപകമാണ്. അടുത്തയിടെ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ കുടിയേറ്റവിരുദ്ധ യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി വിജയം കരസ്ഥമാക്കിയത് കാമറോണിന്റെ പാര്‍ട്ടിയെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ നയങ്ങളില്‍ പരിഷ്കാരം ആവശ്യമാണെന്ന വാദത്തിലൂടെ കുടിയേറ്റ പ്രശ്നത്തില്‍ താന്‍ ജനങ്ങള്‍ക്കൊപ്പമുണ്െടന്ന വാദമുയര്‍ത്താനാണ് കാമറോണ്‍ ശ്രമിക്കുന്നതെന്നു രാഷ്ട്രീനിരീക്ഷകര്‍ കരുതുന്നു.

ഇതേസമയം ബ്രിട്ടന്‍ മുന്നോട്ടുവച്ചിട്ടുള്ള ആശയം ചര്‍ച്ച ചെയ്യുമെന്നു ബ്രസല്‍സില്‍ യൂറോപ്യന്‍കമ്മീഷന്‍ വക്താവ് അറിയിച്ചു. കുടിയേറ്റ നിയമത്തിന്റെ ദുരുപയോഗം തടയുന്നതിനുള്ള നിയമനിര്‍മാണം നടത്താന്‍ അതത് രാജ്യങ്ങളുടെ പാര്‍ലമെന്റിന് അവകാശമുണ്െടന്നും വക്താവ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.