കടല്‍ക്കൊലക്കേസ്: ഇന്ത്യ-ഇറ്റലി നയതന്ത്രബന്ധം വഷളാകുന്നു
Friday, December 19, 2014 12:23 AM IST
റോം: കടല്‍ക്കൊലക്കേസിന്റെ പേരില്‍ ഇന്ത്യ-ഇറ്റലി നയതന്ത്രബന്ധം വഷളാകുന്നു. 2012 ല്‍ കേരള തീരത്തു രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച കേസിലെ പ്രതികളിലൊരാള്‍ ഹൃദ്രോഗബാധിതനാണെന്നും ഇക്കാരണത്താല്‍ ഇയാളെ വിചാരണയ്ക്കായി ഇന്ത്യയിലേക്കു മടക്കി അയയ്ക്കാനാവില്ലെന്നും ഇറ്റാലിയന്‍ ഭരണകൂടം സൂചിപ്പിച്ചു.

ഈവര്‍ഷം ആദ്യമാണു കേസിലെ പ്രതികളിലൊരാളായ നാവികന്‍ മാസിമിലിയാനോ ലത്തോറെയെ ജന്മനാട്ടിലേക്കു പോകാന്‍ ഇന്ത്യ അനുവദിച്ചത്. ഇറ്റലിയിലെ ആരോഗ്യപരിചരണം നാവികന് ഇനിയും ആവശ്യമാണെന്നു ബുധനാഴ്ച രണ്ട് ഇറ്റാലിയന്‍ മന്ത്രിമാര്‍ വ്യക്തമാക്കി. കടല്‍ക്കൊലക്കേസിലെ നിയമനടപടികളുമായി ബന്ധപ്പെട്ട ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ഇതോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്.

ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷകള്‍ തള്ളിയ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയേല മന്‍ചീനിയെ അടിയന്തര ചര്‍ച്ചകള്‍ക്കായി തിരിച്ചുവിളിക്കുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പൌലോ ജെന്തിലോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അസുഖബാധിതനായ നാവികന്‍ മാസിമിലിയാനോ ലത്തോറെയെ ഇന്ത്യ ആവശ്യപ്പെടുന്നതുപോലെ വിട്ടുനല്‍കാവുന്ന സാഹചര്യം നിലവിലില്ലെന്ന് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി റോബര്‍ട്ടാ പിനോറ്റി പറഞ്ഞു. കടല്‍ക്കൊള്ളക്കാരാണെന്നു തെറ്റിദ്ധരിച്ചു മത്സ്യത്തൊഴിലാളികള്‍ക്കു നേരേ വെടിയുതിര്‍ത്തതാണെന്നാണു നാവികരുടെ വാദം. അന്താരാഷ്ട്ര അതിര്‍ത്തിയിലാണു വെടിവയ്പ് നടന്നതെന്ന് ഇറ്റലി പറയുമ്പോള്‍ ഇന്ത്യയുടെ സമുദ്രാര്‍ത്തിയിലാണു സംഭവം നടന്നതെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നു.


കൂടുതല്‍ സമയം നാട്ടില്‍ തങ്ങാനുള്ള അനുമതി നല്‍കണമെന്ന ലാത്തോറെയുടെ അപേക്ഷയും ക്രിസ്മസ് ആഘോഷിക്കാനായി നാട്ടിലേക്കു പോകാന്‍ അനുവദിക്കണമെന്ന സാല്‍വത്തോറെ ജിറോണിന്റെ അപേക്ഷയും ചൊവ്വാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.

ചോദ്യംചെയ്യാനാകാത്ത അന്താരാഷ്ട്ര പരമാധികാരം അപകടത്തിലാകുന്നുവെന്നാണു കോടതിവിധിയെക്കുറിച്ച് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പൌലോ ജെന്തിലോണി പറഞ്ഞു. ഇറ്റലിയുടെ എതിര്‍പ്പ് ബോധ്യപ്പെടുത്താനും തുടര്‍നടപടികള്‍ക്കുമായി അംബാസിഡറെ തിരിച്ചുവിളിച്ചതായും അദ്ദേഹം പറ ഞ്ഞു. അന്താരാഷ്ട്ര നിയമ നടപടിക്ക് ഇറ്റലി ശ്രമിക്കുമെന്ന് ഔദ്യോഗിക ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. സംഭവം നടന്നു മൂന്നുവര്‍ഷമായിട്ടും നാവികര്‍ക്കെതിരേ കൃത്യമായ കുറ്റം ചുമത്തിയിട്ടില്ല. രണ്ടുപേരും ഇന്ത്യയിലില്ലാത്തിടത്തോളം കാലം കുറ്റം ചുമത്താനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.