നിക്ഷേപത്തിനു ഫീസ് ഈടാക്കാന്‍ സ്വിസ് ദേശീയ ബാങ്ക്
Saturday, December 20, 2014 12:22 AM IST
സൂറിച്ച്: സോറി, നിങ്ങള്‍ ഇങ്ങോട്ടു പണനിക്ഷേപവുമായി വരണ്ട. പറയുന്നതു സ്വിറ്റ്സര്‍ലന്‍ഡിലെ കേന്ദ്രബാങ്കായ സ്വിസ് നാഷണല്‍ ബാങ്ക്. സാമ്പത്തികക്കുഴപ്പത്തിലായ റഷ്യയിലും മറ്റും നിന്നു ധാരാളം പണം സുരക്ഷിതമായ സ്വിറ്റ്സര്‍ലന്‍ഡിലേക്കു വരുന്ന സാഹചര്യത്തിലാണിത്.

ഇങ്ങനെ പറയുക മാത്രമല്ല പ്രവര്‍ത്തിക്കുകയും ചെയ്തു. ഇനിമുതല്‍ സ്വിസ് നാഷണല്‍ ബാങ്കില്‍ മറ്റു ബാങ്കുകള്‍ നിശ്ചിത തുകയില്‍ കൂടുതല്‍ പണം സൂക്ഷിക്കണമെങ്കില്‍ ബാങ്കുകള്‍ പലിശ നല്‍കണം.

ഒരു കോടി സ്വിസ് ഫ്രാങ്കില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ കാല്‍ ശതമാനം പലിശ കേന്ദ്ര ബാങ്ക് ഈടാക്കും.


സ്വിസ് ബാങ്കുകള്‍ക്കു വായ്പ നല്കാന്‍ പറ്റുന്നതിലേറെ പണം അവയില്‍ എത്തുമ്പോഴാണു പണം കേന്ദ്രബാങ്കില്‍ ഇടുന്നത്. പ്രയോജനപ്പെടാത്ത പണത്തിനു പലിശ നല്‍കേണ്ടിവരുമ്പോള്‍ ബാങ്കുകള്‍ നിക്ഷേപം വാങ്ങല്‍ കുറയ്ക്കും. അമിതമായി വിദേശപണം വരുന്നതു സ്വിസ് ഫ്രാങ്കിന്റെ വിനിമയ നിരക്കു കൂട്ടിയിരുന്നു. ഇതു കയറ്റുമതിയെയും ബാധിച്ചപ്പോഴാണു പുതിയ നീക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.