ഇസ്ലാമാബാദില്‍ 300 ഭീകരര്‍ പിടിയില്‍
Monday, December 22, 2014 11:14 PM IST
ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍നിന്ന് 300 ഭീകരരെ ശനിയാഴ്ച പിടികൂടിയതായി പാക് അധികൃതര്‍ അറിയിച്ചു. പെഷവാര്‍ സൈനികസ്കൂളില്‍ 148 പേരെ താലിബാന്‍ കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്നാണ് ഭീകരവേട്ട ഊര്‍ജിതമാക്കിയത്.

വന്‍ സന്നാഹത്തോടെയാണ് ഇസ്ലാമാബാദിലെ വിവിധ കേന്ദ്രങ്ങളില്‍ സായുധ സൈനികര്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു. പോലീസ് നായകള്‍, കവചിത വാഹനങ്ങള്‍, ബോംബ് നിര്‍വീര്യമാക്കുന്ന സംഘം എന്നിവയുടെ അകമ്പടിയോടെ അഫ്ഗാന്‍ അഭയാര്‍ഥി ക്യാമ്പുകള്‍, ബസ് ടെര്‍മിനലുകള്‍, നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയും സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയും ഭീകരര്‍ ആക്രമണം നടത്തിയേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് ഇന്നുമുതല്‍ അവധി നല്‍കും. സുരക്ഷാ നടപടികളുടെ ഭാഗമായി ആകാശത്തുനിന്നുള്ള നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.


ഇതിനിടെ നാലു ഭീകരരെക്കൂടി ഇന്നലെ തൂക്കിലേറ്റി. പെഷവാര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വധശിക്ഷയ്ക്കുള്ള മൊറട്ടോറിയം പ്രധാനമന്ത്രി നവാസ് ഷരീഫ് എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രണ്ടു ഭീകരരെ തൂക്കിലേറ്റിയിരുന്നു.

മുന്‍ സൈനിക മേധാവി പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട നാലു ഭീകരരെയാണ് ഫൈസലാബാദ് ഡിസ്ട്രിക്ട് ജയിലില്‍ ഇന്നലെ തൂക്കിക്കൊന്നത്.

ലാഹോറിലെ കോട്ലാക്പത് ജയിലില്‍ മറ്റു നാല് ഭീകരരെ അടുത്ത 36 മണിക്കൂറിനകം തൂക്കിലേറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ജയിലിലേക്കുള്ള റോഡുകളില്‍ സായുധ സൈനികരെ വിന്യസിച്ചു. ജയില്‍ പരിസരത്ത് മൊബൈല്‍ ജാമറുകള്‍ ഏര്‍പ്പെടുത്തി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റ് ഏതാനും ഭീകരര്‍ക്കുകൂടി തൂക്കിലേറ്റുന്നതിനുമുമ്പുള്ള ബ്ളാക്വാറന്റ് നല്‍കിയതായി ഭീകരവിരുദ്ധ കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.