നെംറ്റ്സോവിന് ആദരാഞ്ജലി അര്‍പ്പിച്ചു മോസ്കോയില്‍ റാലി
നെംറ്റ്സോവിന് ആദരാഞ്ജലി അര്‍പ്പിച്ചു മോസ്കോയില്‍ റാലി
Monday, March 2, 2015 11:28 PM IST
മോസ്കോ: അജ്ഞാതരുടെ വെടിയേറ്റ് മരിച്ച റഷ്യന്‍ പ്രതിപക്ഷനേതാവ് ബോറിസ് നെംറ്റ്സോവിന് ആദരാഞ്ജലി അര്‍പ്പിച്ച് മോസ്കോയില്‍ ഇന്നലെ ആയിരങ്ങള്‍ അണിനിരന്ന റാലി നടന്നു. ഞാന്‍ ഭയന്നിട്ടില്ല എന്നെഴുതിയ പ്ളക്കാര്‍ഡുകളുമായിട്ടാണ് മുതിര്‍ന്നവരും യുവാക്കളുമടങ്ങിയവര്‍ ഒത്തുചേര്‍ന്നത്. റഷ്യയുടെ ഭാവിക്കുവേണ്ടിയാണ് അദ്ദേഹം മരിച്ചത്, ബോറീസ് നിന്നെ അവര്‍ ഭയപ്പെട്ടിരുന്നു തുടങ്ങിയ വാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ളക്കാര്‍ഡുകളും കാണപ്പെട്ടു.

പുടിന്‍ സര്‍ക്കാരിന്റെ അഴിമതിക്ക് എതിരേ പ്രതിപക്ഷം മോസ്കോയില്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് നെംറ്റ്സോവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് റദ്ദാക്കുകയും പകരം അനുസ്മരണാറാലി സംഘടിപ്പിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച രാത്രി ക്രെംലിനിനു സമീപം മോസ്ക്വാ നദിക്കു കുറുകെയുള്ള പാലത്തിലൂടെ നടന്ന് സ്വന്തം വസതിയിലേക്കു പോകുമ്പോഴാണ് നെംറ്റ്സോവിനു വെടിയേറ്റത്.യുക്രയ്ന്‍കാരിയായ സുഹൃത്തും ഒപ്പമുണ്ടായിരുന്നു.

റഷ്യയിലെ അധികാരവര്‍ഗം കളങ്കിതമാണെന്നും എതിരാളികള്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും, നെംറ്റ്സോവ് അധികാരികളുടെ കണ്ണിലെ കരടായിരുന്നുവെന്നും പ്രതിപക്ഷനേതാവ് ഗെന്നഡി ഗുഡ്കോവ് റാലിക്കുമുമ്പ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രസിഡന്റ് പുടിന് ഈ വധത്തില്‍ പങ്കുണ്െടന്ന് പുടിന്‍ വിമര്‍ശകര്‍ ആരോപിച്ചു.


അതേസമയം നെംറ്റ്സോവിന്റെ കൊലപാതകത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കി. മതമൌലികവാദികളായ ഇസ്ളാമിസ്റുകളോ, പുടിന്റെ മേല്‍ കുറ്റമാരോപിക്കാന്‍ ശ്രമിക്കുന്നവരോ ആകാം കൊലപാതകത്തിനു പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

ഇതേസമയം യുക്രെയ്ന്‍ പ്രശ്നത്തില്‍ പുടിനെ വിമര്‍ശിച്ച താന്‍ ജീവിച്ചിരിക്കരുതെന്നു പുടിന്‍ താത്പര്യപ്പെടുന്നതായി നെംറ്റ്സോവ് മരണത്തിനു കുറേനാള്‍ മുമ്പു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.

യുക്രെയ്നിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള തെളിവുകള്‍ പ്രസിദ്ധപ്പെടുത്തുമെന്നു രണ്ടാഴ്ചമുമ്പ് നെംറ്റ്സോവ് തന്നോടു പറഞ്ഞിരുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.