യുഎസിന്റെ ഇന്റലിജന്‍സ് വിവരങ്ങള്‍ ഹൌതികള്‍ തട്ടിയെടുത്തു
Friday, March 27, 2015 12:10 AM IST
വാഷിംഗ്ടണ്‍: യുഎസ് യെമനില്‍ നടത്തിയ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങളും ഒറ്റുകാരുടെ പേരുകളും ഉള്‍പ്പെടുന്ന യെമനി ഇന്റലിജന്‍സ് ഫയലുകള്‍ സനായില്‍ അധികാരം പിടിച്ച ഹൌതി ഷിയാകള്‍ തട്ടിയെടുത്തു. ഈ ഫയലുകള്‍ ഹൌതികളെ പിന്തുണയ്ക്കുന്ന ഇറാന്റെ പക്കലെത്തിയേക്കാമെന്നു സൂചനയുണ്ട്.

യെമന്‍ ദേശീയ സുരക്ഷാ ബ്യൂറോയുടെ പക്കലുള്ള ഫയലുകള്‍ ഹൌതികള്‍ തട്ടിയെടുത്ത കാര്യം ലോസ് ആഞ്ചലസ് ടൈംസാണു റിപ്പോര്‍ട്ടു ചെയ്തത്. യെമന്‍ ഭരണകൂടത്തിന്റെ സഹായത്തോടെയായിരുന്നു മേഖലയിലെ അല്‍ക്വയ്ദ പ്രവര്‍ത്തകര്‍ക്കെതിരേ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ അമേരിക്ക എടുത്തത്.


ലോസ് ആഞ്ചലസ് ടൈംസ് റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ സിഐഎയും മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളും തയാറായില്ല. ഹൌതി ഷിയാകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കൈയടക്കിയിട്ട് ആഴ്ചകളായെന്നും അവര്‍ക്ക് അതീവ രഹസ്യ ഫയലുകള്‍ കിട്ടിയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നും യുഎസ് അധികൃതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.