ചൈനയും പാക്കിസ്ഥാനും 51 കരാറുകളില്‍ ഒപ്പുവച്ചു
ചൈനയും പാക്കിസ്ഥാനും  51 കരാറുകളില്‍ ഒപ്പുവച്ചു
Tuesday, April 21, 2015 10:18 PM IST
ഇസ്ലാമാബാദ്: ഇന്ത്യയുടെ ആശങ്ക വകവയ്ക്കാതെ 4600 കോടി ഡോളറിന്റെ ചൈനാ-പാക്കിസ്ഥാ ന്‍ ഇക്കണോമിക് കോറിഡോര്‍(സിപിഇസി) പദ്ധതി നടപ്പാക്കാനുള്ള കരാറില്‍ പാക്കിസ്ഥാനും ചൈനയും ഒപ്പുവച്ചു.

ഇതുള്‍പ്പെടെ മൊത്തം 51 കരാറുകളാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ കന്നി സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും ഇസ്്ലാമാബാദില്‍ ഒപ്പുവച്ചത്. പ്രസിഡന്റ് ചിന്‍പിംഗിന് ഇസ്്ലാമാബാദില്‍ ഉജ്ജ്വല വരവേല്പു ലഭിച്ചു.

സാമ്പത്തിക ഇടനാഴി(സിപിഇസി) പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഊര്‍ജം പകരുന്നതോടൊപ്പം ഇന്ത്യയുടെ അയല്‍പക്കത്ത് ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നതിനും ഇടയാക്കും. ചൈനയ്ക്ക് നേരിട്ട് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശനമാര്‍ഗം തുറന്നുകിട്ടും.

അറേബ്യന്‍ തീരത്തെ പാക് തുറമുഖ നഗരമായ ഗദറിനെ ചൈനയുടെ അവികസിത പടിഞ്ഞാറന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി പാക് അധിനിവേശ കാഷ്മീരിലൂടെയാണു കടന്നുപോകുന്നത്. മൊത്തം 3000 കിലോമീറ്റര്‍ വരും. ഇടനാഴിയുടെ ഭാഗമായി നിരവധി റോഡുകളും, റെയില്‍വേയും നിര്‍മിക്കും. കൂടാതെ ബിസിനസ് സോണുകള്‍ , പൈപ്പ്ലൈനുകള്‍, ഊര്‍ജ പദ്ധതികള്‍ എന്നിവയും സ്ഥാപിക്കും. 1979ലെ കാരക്കോറം ഹൈവേക്കുശേഷം ഇരു രാജ്യങ്ങളും ഒരു മെഗാ പദ്ധതിയില്‍ സഹകരിക്കുന്നത് ഇതാദ്യമാണ്. ഇന്നലെ ഒപ്പുവച്ച 51 കരാറുകളില്‍ മുപ്പതും സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട കരാറുകളായിരുന്നു.


സാമ്പത്തിക ഇടനാഴി ഒറ്റ പദ്ധതിയല്ലെന്നും അടിസ്ഥാന സൌകര്യ വികസനമുള്‍പ്പെടെ നിരവധി പദ്ധതികളുടെ സമുച്ചയമാണെന്നും മതിപ്പുചെലവ് 4600 കോടി ഡോളറാണെന്നും പാക് മന്ത്രി അഹ്സാ ന്‍ ഇക്ബാല്‍ പറഞ്ഞു. പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ചൈനയ്ക്ക് പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കൂടുതല്‍ ലാഭകരമാവും. പാക്കിസ്ഥാനിലെ വിവിധ പ്രവിശ്യകളിലെ വികസനം വേഗത്തിലാവും. നിരവധി തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.