ലഖ്വിയുടെ മോചനം: രക്ഷാസമിതി ചര്‍ച്ച ചെയ്യും
ലഖ്വിയുടെ മോചനം: രക്ഷാസമിതി ചര്‍ച്ച ചെയ്യും
Monday, May 4, 2015 11:23 PM IST
ജനീവ: മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരനും ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡറുമായ സക്കിയുര്‍ റഹ്മാന്‍ ലഖ്വിയുടെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഉറപ്പ്. രക്ഷാസമിതിയുടെ തൊട്ടടുത്ത യോഗത്തില്‍ത്തന്നെ ഇക്കാര്യം ചര്‍ച്ചയാകുമെന്നു അല്‍ക്വയ്ദ ഉപരോധ കമ്മിറ്റി പ്രതിനിധി ജിം മക്ളേ ഇന്ത്യയെ അറിയിച്ചു.

പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ലഖ്വിയുടെ മോചനത്തില്‍ ആശങ്ക അറിയിച്ച് യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ അശോക് മുഖര്‍ജി രക്ഷാസമിതിക്കെഴുതിയ കത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. അല്‍ ക്വയ്ദയുമായും മറ്റു ഭീകരസംഘടനകളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ലഖ്വിയെ മോചിപ്പിച്ചതിലൂടെ പാക്കിസ്ഥാന്‍, രക്ഷാസമിതിയുടെ നിബന്ധനകള്‍ ലംഘിച്ചിരിക്കുകയാണെന്നു കത്തില്‍ ആരോപിക്കുന്നു.

ഭീകരനെന്ന നിലയില്‍ ലഖ്വിയുടെ സാമ്പത്തിക സ്രോതസുകള്‍ മരവിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനു പണം നല്‍കാനോ സ്വീകരിക്കാനോ സാധ്യമല്ല. പിന്നെ എങ്ങനെയാണ് ജാമ്യത്തുക അടച്ചു ജയിലിനു പുറത്തുവന്നതെന്ന കാര്യത്തില്‍ വിശദീകരണം വേണം. ഇന്ത്യയുടെ ആശങ്കകള്‍ കണക്കിലെടുത്ത് ഇക്കാര്യങ്ങളെല്ലാം രക്ഷാസമിതിയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജിം മക്ളേ പറഞ്ഞു. 2008ലാണ് ലഖ്വിയെ ഐക്യരാഷ്ട്ര രക്ഷാസമിതി ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയത്. ഇത്തരത്തില്‍ പട്ടികയില്‍പ്പെടുന്ന വ്യക്തികളുടെ സ്വത്ത്, യാത്രകള്‍, ആയുധ ഉപയോഗം എന്നിവ മരവിപ്പിക്കേണ്ടത് രക്ഷാസമിതി അംഗരാജ്യങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിനു തയാറാകാത്ത പാക്കിസ്ഥാന്റെ നിലപാടിനെ ചോദ്യം ചെയ്താണ് ഇന്ത്യ രക്ഷാസമിതിക്കു കത്തെഴുതിയത്.


166 പേര്‍ കൊല്ലപ്പെട്ട 2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആ വര്‍ഷം ഡിസംബറിലാണ് ലഖ്വി അറസ്റിലാവുന്നത്. തുടര്‍ന്ന് ജയിലിലായിരുന്ന ലഖ്വിയെ ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് പാക്കിസ്ഥാന്‍ കോടതി വിധിയെത്തുടര്‍ന്ന് മോചിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.