സിറിയ-ഇറാക്ക് അതിര്‍ത്തി ഐഎസ് നിയന്ത്രണത്തില്‍
Saturday, May 23, 2015 11:49 PM IST
ഡമാസ്കസ്: യുനെസ്കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ പുരാതന മരുപ്പച്ച നഗരം ബുധനാഴ്ച കൈയടക്കിയ ഐഎസ് ഭീകരര്‍ സിറിയ-ഇറാക്ക് അതിര്‍ത്തിയിലെ അവസാന ചെക്ക്പോസ്റ് ഇന്നലെ പിടിച്ചു.

ബുധനാഴ്ചയ്ക്കുശേഷം ഇതുവരെ പല്‍മീറയില്‍ സര്‍ക്കാര്‍ സൈനികരും സര്‍ക്കാര്‍ അനുകൂലികളായ പോഷകസേനാംഗങ്ങളും ഉള്‍പ്പെടെ 280 പേരെ ഐഎസ് വകവരുത്തി.

വീടുവീടാന്തരം തെരച്ചില്‍ നടത്തി സര്‍ക്കാര്‍ അനുകൂലികളെ ഐഎസ് പിടികൂടുകയാണെന്ന് ഹോംസിലുള്ള അല്‍തലാവി എന്നയാള്‍ പറഞ്ഞു. തെരുവില്‍ പലരെയും വെടിവച്ചുകൊന്നു. സൈനികര്‍ക്ക് അഭയം നല്‍കുന്നതിനെതിരേ നഗരവാസികള്‍ക്ക് ലൌഡ്സ്പീക്കറിലൂടെ ഐഎസ് മുന്നറിയിപ്പു നല്‍കി.

ഇതിനിടെ ഇഡ്ലിബ് പ്രവിശ്യയിലെ ജിസര്‍ അല്‍ ഷുഗൂര്‍ ഹോസ്പിറ്റല്‍ സര്‍ക്കാര്‍ സേനയെ തുരത്തി അല്‍നുസ്റാ ഫ്രണ്ട് തീവ്രവാദികള്‍ പിടിച്ചു. ജിസര്‍ അല്‍ ഷുഗൂര്‍ മേഖലയില്‍ നിരവധി തവണ സിറിയന്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തി.

ഈ പ്രദേശം നഷ്ടമായത് അസാദ് സര്‍ക്കാരിനു തിരിച്ചടിയാണെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ചീഫ് റമി അബ്ദു റഹ്മാന്‍ പറഞ്ഞു.

അതേസമയം, ഇറാക്കിലെ റമാദി നഗരം കൈയടക്കി ഒരാഴ്ച തികയുംമുമ്പേ അന്‍ബാര്‍ പ്രവിശ്യയിലെ ഹുസൈബ പട്ടണംകൂടി ഐഎസ് പിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. റമാദി തിരിച്ചുപിടിക്കാന്‍ ഇറാക്കിസേനയും ഷിയാ പോരാളികളും ശ്രമം നടത്തുന്നുണ്ട്. കാര്‍ബോംബ് ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് ഇറാക്കിന് ആയിരം ടാങ്കുവേധ മിസൈല്‍ നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.