ബഹറിനില്‍ ബോംബ് സ്ഫോടനം; പോലീസുകാരന്‍ കൊല്ലപ്പെട്ടു
Sunday, August 30, 2015 11:24 PM IST
സജീവന്‍ പൊയ്ത്തുംകടവ്

മനാമ: ബഹറിനില്‍ ബോംബ് സ്ഫോടനത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്കു പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഭീകരരാണു സ്ഫോടനം നടത്തിയതെന്നു ബഹറിന്‍ ആഭ്യന്തരമന്ത്രാലയം ട്വീറ്റ് ചെയ്തു.

പ്രാദേശികസമയം വെള്ളിയാഴ്ച രാത്രി 9.30ന് കരാന ഗ്രാമത്തില്‍ ബുദയ്യയില്‍ കണ്‍ട്രി മാളിനു സമീപത്തായിരുന്നു സ്ഫോടനം. അക്രമികള്‍ റോഡിലുണ്ടാക്കിയ മാര്‍ഗതടസം നീക്കുന്നതിനിടെയാണു പോലീസിനെ ലക്ഷ്യമിട്ടു ബോംബാക്രമണം ഉണ്ടായത്. ഭീകരര്‍ രണ്ടു നാടന്‍ ബോംബുകള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു പൊട്ടിക്കുകയായിരുന്നുവെന്നു പൊതുസുരക്ഷാ വിഭാഗം മേധാവി മേജര്‍ജനറല്‍ താരിഖ് അല്‍ഹസന്‍ അറിയിച്ചു. വാജിദ് സാലേ എന്ന പോലീസുകാരനാണു കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരില്‍ നാലുപേര്‍ പോലീസുകാരും മൂന്നുപേര്‍ വഴിയാത്രക്കാരുമാണ്.


ബഹറിന്‍ സ്വദേശിക്കും ഭാര്യയ്ക്കും പിഞ്ചുകുഞ്ഞിനുമാണു പരിക്കേറ്റത്. മാതാപിതാക്കള്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സിലും കുഞ്ഞ് ബിഡിഎഫ് ആശുപത്രിയിലും ചികിത്സയിലാണ്. സ്ഫോടനവുമായി ബന്ധമുണ്െടന്നു സംശയിക്കുന്ന നിരവധിപേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതായി പൊതുസുരക്ഷാവിഭാഗം മേധാവി അറിയിച്ചു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.

കരാന ആക്രമണത്തെ വിവിധ രാജ്യങ്ങളും സംഘടനകളും ശൂറാ കൌണ്‍സിലും ശക്തമായി അപലപിച്ചു. സിത്രയില്‍ കഴിഞ്ഞ മാസം 28നു നടന്ന ബോംബാക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.