മുറിവേറ്റ കുടുംബങ്ങളെ ശുശ്രൂഷിക്കാന്‍ കടമ: ഫ്രാന്‍സിസ് മാര്‍പാപ്പ
മുറിവേറ്റ കുടുംബങ്ങളെ ശുശ്രൂഷിക്കാന്‍ കടമ: ഫ്രാന്‍സിസ് മാര്‍പാപ്പ
Monday, October 5, 2015 11:43 PM IST
വത്തിക്കാനില്‍നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍

മുറിവേറ്റ കുടുംബങ്ങളെ കണ്െടത്തി ശുശ്രൂഷിക്കാന്‍ കത്തോലിക്കാ സഭയ്ക്കു കടമയുണ്െടന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയിലും സമകാലിക സമൂഹത്തിലും കുടുംബത്തിന്റെ വിളിയും ദൌത്യവും എന്ന വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്തിട്ടുള്ള മെത്രാന്‍ സിനഡിന്റെ പതിന്നാലാമത് സാധാരണ പൊതുസമ്മേളനം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഉദ്ഘാടനം ചെയ്യവേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.

വിവാഹത്തിന്റെ ഐക്യവും അവിഭാജ്യതയും സംരക്ഷിക്കാനും സത്യത്തോടും സ്നേഹത്തോടും തന്നെ വിളിച്ച ഈശോയോടു വിശ്വസ്തരായിരിക്കാനും സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സത്യമില്ലാത്ത സ്നേഹം വഴിതെറ്റിയ സ്നേഹമാണ്. സഭ വിളിക്കപ്പെട്ടിരിക്കുന്നതു തെറ്റുപറ്റുന്നവരുടെ നേരേ വിരല്‍ചൂണ്ടാനും വിധിക്കാനുമല്ല. അവരെ അന്വേഷിച്ചിറങ്ങുന്ന, ശുശ്രൂഷിക്കുന്ന, അനുഗമിക്കുന്ന രക്ഷയുടെയും ജീവന്റെയും ഉറവിടമായ ദൈവത്തിലേക്കു നയിക്കുന്ന സഭയെയാണ് ഈ കാലഘട്ടത്തിന് ആവശ്യം.

വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള ദൈവത്തിന്റെ സ്വപ്നത്തോടു സഹകരിക്കാത്ത മനുഷ്യഹൃദയം തളര്‍ന്നുപോകുന്നു. ദൈവത്തിനും ലോകത്തിനും ഇടയിലുള്ള ഒരു പാലമായി ഇരിക്കാനാണു സഭ വിളിക്കപ്പെട്ടിരിക്കുന്നതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

വിശ്വാസികളെക്കൊണ്ടു നിറഞ്ഞുകവിഞ്ഞ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്നലെ പത്തിനു തുടങ്ങി പതിനൊന്നരയ്ക്കു സമാപിച്ച വിശുദ്ധ കുര്‍ബാനയില്‍ 270 സിനഡ് പിതാക്കന്മാരും സിനഡില്‍ സഹായിക്കുന്ന വൈദികരും മാത്രമാണു സഹകാര്‍മികരായിരുന്നത്. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഗോവ ആര്‍ച്ച്ബിഷപ് ഡോ.ഫിലിപ്പ് നേരി ഫെറാവോ, ഷില്ലോംഗ് ആര്‍ച്ച്ബിഷപ് ഡോ.ഡൊമനിക് ജാല, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ എന്നീ സഭാധ്യക്ഷന്മാരാണു ഭാരതത്തില്‍നിന്നു മാര്‍പാപ്പയോടൊപ്പം സഹകാര്‍മികരായിരുന്നത്. വിശുദ്ധ കുര്‍ബാന സമയത്തും പന്ത്രണ്ടിനുള്ള ത്രികാല പ്രാര്‍ഥനാ സമയത്തും വിശ്വാസികള്‍ സെന്റ് പീറ്റേഴ്സ് ചത്വരം നിറഞ്ഞുകവിഞ്ഞിരുന്നു.


ലത്തീന്‍ ഭാഷയിലാണ് ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതെങ്കിലും ഉല്പത്തി പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ വായന ഇംഗ്ളീഷിലും ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍നിന്നുള്ള രണ്ടാമത്തെ വായന ഫ്രഞ്ച് ഭാഷയിലുമായിരുന്നു.

സങ്കീര്‍ത്തനം ആലപിച്ചത് ഇറ്റാലിയന്‍ ഭാഷയിലാണ്. മര്‍ക്കോസ് എഴുതിയ സുവിശേഷം വായിച്ചതു ലത്തീന്‍ ഭാഷയില്‍തന്നെ ആയിരുന്നു. സഭ, സിനഡ് പിതാക്കന്മാര്‍, ഭരണകര്‍ത്താക്കള്‍, നിയമനിര്‍മാതാക്കള്‍, യുവാക്കള്‍, വിവാഹവാഗ്ദാനം ചെയ്തവര്‍, പരീക്ഷിക്കപ്പെടുകയും മുറിവേല്‍ക്കുകയും വേദനിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്കുവേണ്ടി വിവിധ ഭാഷകളില്‍ മധ്യസ്ഥ പ്രാര്‍ഥനയും നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.