സഭയുടെ ദൌത്യത്തില്‍ കുടുംബം പ്രധാന വല: മാര്‍പാപ്പ
സഭയുടെ ദൌത്യത്തില്‍ കുടുംബം പ്രധാന വല: മാര്‍പാപ്പ
Thursday, October 8, 2015 12:17 AM IST
വത്തിക്കാനില്‍നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍

സഭയുടെയും പത്രോസിന്റെയും ദൌത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വലകളില്‍ ഒന്നു കുടുംബങ്ങളാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ വല മനുഷ്യരെ തടവിലാക്കുന്നില്ല മറിച്ച് സ്വതന്ത്രരാക്കുന്നു. ഈശോയും പത്രോസും മനുഷ്യരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് കുടുംബത്തില്‍ നിന്നാണ്.

ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരം നിറഞ്ഞുകവിഞ്ഞ തീര്‍ഥാടകരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായ സിനഡ് പിതാക്കന്മാക്ക് കത്തോലിക്കാസഭയെ നവീകരിക്കുന്നതിനുള്ള ശക്തി ലഭിക്കാന്‍ തീവ്രമായി പ്രാര്‍ഥിക്കണം. ഈശോ പത്രോസിനെ വിളിച്ചതു മനുഷ്യരെ പിടിക്കുന്ന മുക്കുവനാക്കാനാണ്. അതിന് ഇന്നു പുതിയതരത്തിലുള്ള വലകള്‍ ആവശ്യമുണ്െടന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

കര്‍ത്താവിന്റെ വഴിയേ നടക്കുന്ന കുടുംബം ദൈവത്തിന്റെ സ്നേഹത്തിന്റെ അടിസ്ഥാന സാക്ഷ്യമാണ്. അതുകൊണ്ടുതന്നെ സഭയ്ക്കു സാധ്യമായ എല്ലാ കഴിവുകളുമുപയോഗിച്ചു കുടുംബത്തിനായി സ്വയം സമര്‍പ്പിക്കണം. കുടുംബത്തെക്കുറിച്ചുള്ള സഭയുടെ ഈ ശ്രദ്ധ കാലഘട്ടത്തിലെ മനുഷ്യര്‍ക്കായി വ്യാഖ്യാനിക്കാനാണ് സിനഡ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

ഈ കാലഘട്ടത്തിലെ മനുഷ്യര്‍ക്ക് കുടുംബ ചൈതന്യം നഷ്ടപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ സമകാലീനലോകത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ഘടനയില്‍ കുടുംബത്തിന് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ല. സഭ വിളിക്കപ്പെട്ടിരിക്കുന്നത് കുടുംബചൈതന്യം എല്ലായിടത്തും എത്തിക്കാനാണ്. അതിനായി സഭ തന്നെത്തന്നെ നവീകരിക്കണം. സഭ ദൈവത്തിന്റെ കുടുംബമാണ്. അത് അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യണമെന്ന് മാര്‍പാപ്പ പറഞ്ഞു.

സീറോ മലബാര്‍ സഭയ്ക്കു വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും കൈമാറ്റത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്െടന്നു സിനഡിനെ അഭിസംബോധനചെയ്തു കൊണ്ട് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

കുടുബപ്രാര്‍ഥന, ചിട്ടയായ മതബോധന പരിശീലനം, കുടുംബക്കൂട്ടായ്മകളുടെയും ഭക്തസംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍, അജപാലകരുടെ ഭവനസന്ദര്‍ശനങ്ങള്‍, സന്യസ്തരുടെ ഹോം മിഷന്‍, ധ്യാനങ്ങള്‍, വിവാഹ ഒരുക്ക സെമിനാറുകള്‍, ദമ്പതീസെമിനാറുകള്‍ ഇവയിലൂടെയാണ് സീറോ മലബാര്‍ സഭയുടെ പ്രത്യേകമായ സഭാത്മക വ്യക്തിത്വം രൂപപ്പെടുന്നത്. ഈ സഭാത്മകവ്യക്തിത്വം പ്രവാസികളുടെ ഇടയില്‍ നഷ്ടപ്പെടാതിരിക്കുവാന്‍ അവരുടെ മാതൃസഭയുടെ ഉചിതമായ അജപാലന ശുശ്രൂഷ ലഭിക്കണം. അതിനായി ലോകത്തിന്റെ എല്ലാ ഭാഗത്തും സീറോ മലബാര്‍ സഭയുടെ ഉചിതമായ സഭാ ഭരണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. അതുപോലെതന്നെ തൃശൂര്‍ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന ലോഫ് പോലുള്ള സമര്‍പ്പിതകുടുംബങ്ങളുടെ സംഘടനകള്‍ എല്ലായിടത്തും ആരംഭിക്കണം. ഈ സമര്‍പ്പിത കുടുംബങ്ങള്‍ ദാമ്പത്യവിശുദ്ധി, അനുസരണം, ലളിതജീവിതം അഥവാ ദാരിദ്യ്രം എന്നീ സ്വകാര്യവൃതങ്ങള്‍ എടുത്ത് കുടുംബങ്ങള്‍ക്ക് മിഷനറിമാരാകാനുള്ള ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നു എന്ന് മാര്‍ താഴത്ത് കൂട്ടിച്ചേര്‍ത്തു.


ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ഭാഷാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുടെ ആദ്യയോഗത്തില്‍ ഓരോ ഗ്രൂപ്പിന്റെയും മേഡറേറ്ററേയും പ്രബന്ധാവതാരകരെയും തെരഞ്ഞെടുത്തു. കര്‍ദിനാള്‍മാരായ സിപ്രിയാന്‍ ലക്രുവാ, റോബട്ട് സാറാ, ജോര്‍ജ് പെല്‍, വിന്‍സെന്റ് നിക്കോളാസ്, തോമസ് കോള്ളിന്‍സ്, ഫ്രാന്‍ചേസ്ക്കോ മോന്തനേഗ്രോ, എദുവാര്‍ദോ മനിക്കേലി, ആഞ്ചലോ ബഞ്ഞാസ്ക്കോ, റോഡ്റിഗസ് മരദിയാഗാ, റോബ്ളസ് ഒര്‍ത്തേഗ, ക്രിസ്തോഫ് ഷോണ്‍ ബോണ്‍, ബിഷപ്പുമാരായ മോണ്‍. പിയാ മൌറിസ്, മോണ്‍. ഇയാമോന്‍ മാര്‍ട്ടിന്‍ എന്നിവരെ മോഡറേറ്റര്‍മാരായും കര്‍ദിനാള്‍മാരായ

മൌറോ പ്യാച്ചേന്‍സാ, മയേസ്ത്രോ ജുവാന്‍ ലക്കുന്‍സാ, മെത്രാന്‍മാരായ മോണ്‍. ലൌറന്റ് ഉള്‍റിഹ്, മോണ്‍. പോള്‍ അന്ദ്രേ ദുറോഷര്‍, മോണ്‍. എഡ്വേര്‍ഡ് കുര്‍ട്സ്, മോണ്‍. ദയര്‍മൂയിഡ് മാര്‍ട്ടിന്‍, മോണ്‍. മാര്‍ക്ക് ബനഡിക്റ്റ് കോളറിഡ്ജ്, മോണ്‍. ചാള്‍സ് ജോസഫ് ഷപ്പൂത്ത്, മോണ്‍. ഫ്രാന്‍കോ ബ്രംബീല, മോണ്‍. ബാള്‍ട്ടസാര്‍ പോറാസ് കര്‍ദോസോ, മോണ്‍. ഹൈനര്‍ കോഹ്, വൈദികരായ ഫ്രാന്‍സീസ് സേവ്യര്‍ ദുമോര്‍ത്തിയര്‍, മാനുവേല്‍ അറോബാ കോണ്‍ദേ എന്നിവരെ പ്രബന്ധാവതാരകരായും തെരഞ്ഞെടുത്തു.

ഇന്നലെ ഗ്രൂപ്പടിസ്ഥാനത്തിലുള്ള രണ്ടും മൂന്നും സമ്മേളനങ്ങള്‍ നടന്നു. ഇന്നു ഗ്രൂപ്പടിസ്ഥാനത്തിലുള്ള നാലും അഞ്ചും സമ്മേളനങ്ങള്‍ നടക്കും. നാളെ നാലാമതു പൊതുസമ്മേളനത്തില്‍ ഗ്രൂപ്പുകളുടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.