വിശ്വാസകൈമാറ്റത്തില്‍ മുതിര്‍ന്നവര്‍ക്കു പ്രധാനപങ്ക്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
വിശ്വാസകൈമാറ്റത്തില്‍ മുതിര്‍ന്നവര്‍ക്കു പ്രധാനപങ്ക്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Friday, October 9, 2015 12:20 AM IST
വത്തിക്കാനില്‍ നിന്നും ഫാ. ജോസഫ് സ്രാമ്പിക്കല്‍

വിശ്വാസപരിശീലനവും സുവിശേഷവത്കരണവും മുതിര്‍ന്നവരിലൂടെയാണു ഫലപ്രദമായി നടക്കുന്നതെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കുടുംബത്തെക്കുറിച്ച് വത്തിക്കാനില്‍ മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തെക്കുറിച്ചുള്ള പഠനരേഖയില്‍ കുടുംബത്തിലും വിശ്വാസം കൈമാറ്റം ചെയ്യുന്നതിലും മുതിര്‍ന്നവരുടെ പങ്കിനെക്കുറിച്ചു പറയുന്നുണ്ട്. കുട്ടികള്‍ അനുഗ്രഹിക്കപ്പെടുന്നതു മാതാപിതാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും കൈകള്‍ വഴിയാണ്.

മാര്‍ത്തോമ്മാ നസ്രാണികള്‍ അഥവാ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ഇന്നും ഈ പാരമ്പര്യങ്ങളെ ബഹുമാനിക്കുകയും വിശ്വസ്തതയോടെ തുടര്‍ന്നുകൊണ്ടുപോകാന്‍ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. താരതമ്യേന ഉറച്ച കുടുംബബന്ധങ്ങള്‍കൊണ്ട് ഈ സഭ അനുഗ്രഹീതമാണ്. അതിന്റെ കാരണങ്ങളിലൊന്ന് കുടുംബങ്ങളിലെ മുതിര്‍ന്നവരുടെ സാന്നിധ്യമാണ്. അവരുടെ മൂല്യം ഉപഭോഗസംസ്കാരത്തിന്റെ അളവുകോല്‍കൊണ്ടു നിര്‍ണയിക്കേണ്ടതുമല്ല.

സുഭാഷിതങ്ങള്‍ 22:6 ല്‍ പറയുന്നതിങ്ങനെയാണ്. ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നു വ്യതിചലിക്കുകയില്ല. കുടുംബത്തില്‍നിന്ന് കുട്ടികള്‍ പഠിക്കുന്നവ അവരുടെ മനസില്‍നിന്നു മാഞ്ഞുപോകുകയില്ല എന്നാണ് സുഭാഷിതങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വിശ്വാസരൂപീകരണത്തിന് മുതിര്‍ന്നവരുടെ പങ്ക് ശ്ളൈഹികമാണ്. അവര്‍ ആധികാരികതയോടുകൂടിയാണ് പഠിപ്പിക്കുന്നത്.


സീറോ മലബാര്‍ സഭ വിശ്വാസ രൂപീകരണം പരിപോഷിപ്പിക്കുന്ന ചില ആചാരങ്ങള്‍ക്കൊണ്ട് അനുഗ്രഹീതമാണ്. 1. ക്രൈസ്തവകുടുംബങ്ങളില്‍ പ്രതിദിനസന്ധ്യാപ്രാര്‍ഥന നടത്തുന്നു. പ്രാര്‍ഥനയ്ക്കുശേഷം കുട്ടികളും ചെറുപ്പക്കാരും മാതാപിതാക്കള്‍ക്കും മറ്റു മുതിര്‍ന്നവര്‍ക്കും സ്തുതി ചൊല്ലുന്നു.

2. മാതാപിതാക്കള്‍ വിവാഹിതനായ ഇളയ മകന്റെ കൂടെ താമസിക്കുന്ന പാരമ്പര്യമുണ്ട്. 3. പെസഹാവ്യാഴാഴ്ച കുടുംബങ്ങളില്‍ പെസഹാ അപ്പം മുറിക്കുന്നതു മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പ്രത്യേകതയാണ്. 4. കുടുംബബന്ധത്തിന്റെ തുടര്‍ച്ചയുടെ ദൃശ്യമായ അടയാളമായി പേരക്കുട്ടികള്‍ക്ക് വലിയ മാതാപിതാക്കളുടെ പേര് മാമ്മോദീസാപ്പേരായി നല്‍കുന്നു. 5. മക്കളും മരുമക്കളും കൊച്ചുമക്കളും തങ്ങളുടെ മാതാപിതാക്കളുടെയും വലിയ മാതാപിതാക്കളുടെയും താമസസ്ഥലം വൃദ്ധസദനമല്ല മറിച്ച് തങ്ങളുടെ വീടാണ് എന്ന് ഇപ്പോഴും കരുതിപ്പോരുന്നു: മാര്‍ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.