ഇന്ത്യക്കെതിരേ പലസ്തീന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം
Wednesday, October 14, 2015 11:43 PM IST
ജറുസലം: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ പലസ്തീന്‍ സന്ദര്‍ശനവേളയില്‍ ഇന്ത്യക്കെതിരേ പലസ്തീന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ പ്രകടനം. ഇസ്രയേലുമായി ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് നൂറുകണക്കിനു പലസ്തീന്‍ വിദ്യാര്‍ഥികളാണ് പ്ളക്കാര്‍ഡുകളും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി കിഴക്കന്‍ ജറുസലമിലെ അല്‍-ഖുദ്സ് യൂണിവേഴ്സിറ്റി കാമ്പസില്‍ പ്രകടനം നടത്തിയത്.

പ്രണാബ് മുഖര്‍ജിക്ക് ഓണററി ബിരുദം നല്കുന്ന ചടങ്ങ് യൂണിവേഴ്സിറ്റിയില്‍ നടക്കുമ്പോഴാണ് വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തിയത്. യൂണിവേഴ്സിറ്റിയിലെ പരിപാടിക്കുശേഷം ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഉദ്ഘാടന ചടങ്ങു നിശ്ചയിച്ചിരുന്നെങ്കിലും അതു റദ്ദാക്കി രാഷ്ട്രപതി റോഡുമാര്‍ഗം ഇസ്രയേലിലേക്കു തിരിച്ചു.

അധിനിവേശക്കാരുമായി ഇന്ത്യ എന്തിനു സഹകരിക്കുന്നു, ഇസ്രയേല്‍ ചെയ്തികള്‍ക്കെതിരേ ഇന്ത്യന്‍ പ്രസിഡന്റ് ശബ്ദമുയര്‍ത്തണം, തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ളക്കാര്‍ഡുകളുമായാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണു പ്രതിഷേധം അരങ്ങേറിയത്.

യൂണിവേഴ്സിറ്റി കാമ്പസില്‍ പ്രതിഷേധപ്രകടനം നടക്കുമ്പോള്‍ ഓഡിറ്റോറിയത്തില്‍ പലസ്തീന്‍ പ്രധാനമന്ത്രി ഡോ. റാമി ഹമദുള്ള അടക്കമുള്ള നേതാക്കളുണ്ടായിരുന്നു. മധ്യേഷയില്‍ സമാധാനവും സ്ഥിരതയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഗാസയില്‍ രണ്ടാമതൊരു ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) സെന്റര്‍ നിര്‍മിക്കുന്നതിനൊപ്പംതന്നെ പാലസ്തീനുമായുള്ള ചരിത്രപരമായ ബന്ധം വര്‍ധിപ്പിക്കുന്നതിനു രൂപരേഖ തയാറാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രസിഡന്റായ പ്രണാബ് മുഖര്‍ജി, വര്‍ഷംതോറും 100 പാലസ്തീന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക്കല്‍ കോ-ഓപ്പറേഷന്‍ (ഐടിഇസി) സ്കോളര്‍ഷിപ്പ് നല്കുമെന്നും അല്‍-ഖുദ്സ് യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ ചെയര്‍ സ്ഥാപിക്കുമെന്നും പറഞ്ഞു.


ഞായറാഴ്ച പ്രണാബ് മുഖര്‍ജിക്ക് അമ്മാനിലെ ജോര്‍ദാന്‍ യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സില്‍ ഓണററി ബിരുദം നല്കിയിരുന്നു. വ്യാഴാഴ്ച ഇസ്രയേലിലെ ഹീബ്രു യൂണിവേഴ്സിറ്റി ഓണററി ബിരുദം നല്കും.

അല്‍-ഖുദ്സ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യ-പലസ്തീന്‍ സെന്റ് ഫോര്‍ എക്സലന്‍സ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി (ഐസിടി) സെന്റര്‍ പ്രണാബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു. ഇതേരീതിയില്‍ മറ്റൊന്ന് ഗാസയില്‍ നിര്‍മിക്കും. രമല്ലയില്‍ ഇന്ത്യയുടെ സഹകരണത്തോടെ ടെക്നോപാര്‍ക്ക് നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ ഇന്‍വെസ്റ്മെന്റ് ഫണ്ടും ഇന്ത്യയിലെ പൊതു-സ്വകാര്യ മേഖലയും സംയുക്തമായാണ് ടെക്നോപാര്‍ക്ക് നിര്‍മിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.