ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടരുതെന്ന് ഒബാമ
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടരുതെന്ന് ഒബാമ
Friday, April 22, 2016 12:20 PM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിലനിൽക്കാൻ തീരുമാനിക്കണമെന്നു ബ്രിട്ടീഷുകാരോടു യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ അഭ്യർഥന. സൗദി പര്യടനത്തിനുശേഷം ത്രിദിന ബ്രിട്ടീഷ് പര്യടനത്തിനെത്തിയ ഒബാമയ്ക്ക് ഉജ്വല വരവേല്പ് ലഭിച്ചു.

സാമ്പത്തിക മാന്ദ്യം, കുടിയേറ്റം, ഭീകരത തുടങ്ങിയ പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ബ്രിട്ടനുംകൂടി അംഗമായ യൂറോപ്യൻ യൂണിയനു മാത്രമേ കഴിയുകയുള്ളുവെന്ന് ഡെയിലി ടെലഗ്രാഫിൽ എഴുതിയ ലേഖനത്തിൽ ഒബാമ ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമോ എന്ന കാര്യത്തിൽ ജൂൺ 23നു ഹിതപരിശോധന നടക്കാനിരിക്കുന്ന സാഹചര്യത്തിലുള്ള ഒബാമയുടെ പര്യടനത്തിനു സവിശേഷ പ്രാധാന്യമുണ്ട്.

യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു വാദിക്കുന്ന ലണ്ടൻ മേയർ ബോറീസ് ജോൺസൻ ഒബാമയെ വിമർശിച്ച് ദ സൺ പത്രത്തിൽ ലേഖനം എഴുതി.

അയൽരാജ്യങ്ങളെ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയന്റെ മാതൃകയിൽ ഒരു സംഘടനയ്ക്ക് അമേരിക്ക തയാറാവുമോ എന്നു ചോദിച്ച ജോൺസൻ ഒബാമയുടെ ഇക്കാര്യത്തിലുള്ള ഇരട്ടത്താപ്പിനെ വിമർശിച്ചു. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമോ എന്നതു ബ്രിട്ടീഷുകാരെ മാത്രം ബാധിക്കുന്ന കാര്യമാണെന്നും മേയർ പറഞ്ഞു.

കെനിയയിൽ വേരുകളുള്ള ഒബാമയ്ക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തോടു വിരോധമാണെന്നും അതിനാലാണ് അദ്ദേഹം പ്രസിഡന്റായ ഉടൻ വൈറ്റ്ഹൗസിൽനിന്നു വിൻസ്റ്റൺ ചർച്ചിലിന്റെ അർധകായ പ്രതിമ നീക്കം ചെയ്തെന്നും ജോൺസൻ ആരോപിച്ചു. ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധനായ ഒരു പ്രസിഡന്റിൽനിന്നുള്ള അനാവശ്യമായ ഇടപെടലാണിതെന്ന് യൂറോപ്യൻ യൂണിയനെ എതിർക്കുന്ന രാഷ്ര്‌ടീയനേതാവ് നൈജൽ ഫരാഗ് പറഞ്ഞു. അദ്ദേഹം(ഒബാമ) ഇനി അധികംനാൾ പ്രസിഡന്റ് പദത്തിലില്ലാത്തതു ഭാഗ്യമെന്നും ഫരാഗ് പറഞ്ഞു.


<ആ>രാജ്‌ഞിക്ക് പിറന്നാൾ ആശംസ

പ്രസിഡന്റ് ഒബാമയും പത്നി മിഷേലും ഇന്നലെ വിൻഡ്സർ കൊട്ടാരത്തിലെത്തി 90–ാം പിറന്നാൾ ആഘോഷിക്കുന്ന എലിസബത്ത് രാജ്‌ഞിക്ക് ആശംസ നേർന്നു.

കൊട്ടാരത്തിലെ പുൽമൈതാനിയിൽ ഹെലികോപ്റ്ററിൽ എത്തിയ ഒബാമയെ രാജ്‌ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും ചേർന്നു സ്വീകരിച്ചു. 94കാരനായ ഫിലിപ്പ് രാജകുമാരൻ ഓടിച്ച റേഞ്ച് റോവറിലാണ് ഹെലിപ്പാഡിൽനിന്ന് എല്ലാവരും കൊട്ടാരത്തിലെത്തിയത്.

യുഎസ് പ്രസിഡന്റുമാരുമായി രാജ്‌ഞി നടത്തിയ കൂടിക്കാഴ്ചകളുടെ ഫോട്ടോ ആൽബമാണ് ഒബാമ ഉപഹാരമായി നൽകിയത്. 1951ൽ യുഎസ് സന്ദർശിച്ച രാജ്ഞി പ്രസിഡന്റ് ഹാരി എസ് ട്രൂമാനുമായി കൂടിക്കാഴ്ച നടത്തി. തുടർന്നിതുവരെയുള്ള എല്ലാ അമേരിക്കൻ പ്രസിഡന്റുമാരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

വിൻഡ്സറിലെ വിരുന്നിനുശേഷം ലണ്ടനിൽ എത്തി പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായും ഒബാമ ചർച്ച നടത്തി. കെൻസിംഗ്ടൺ കൊട്ടാരത്തിൽ വില്യം രാജകുമാരനും പത്നി കേയ്റ്റും ഒബാമയ്ക്കും മിഷേലിനും വിരുന്നു നൽകും. ബ്രിട്ടനിൽനിന്ന് ഒബാമ ജർമനിക്കു പോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.