ഇന്ത്യൻ വിനോദ സഞ്ചാരികൾക്കു പാപുവ ന്യൂഗിനിയിൽ വീസ വേണ്ട
ഇന്ത്യൻ വിനോദ സഞ്ചാരികൾക്കു പാപുവ ന്യൂഗിനിയിൽ വീസ വേണ്ട
Thursday, April 28, 2016 11:07 AM IST
<ആ>പോർട്ട് മോർസ്ബിയിൽ നിന്ന് ജോർജ് കള്ളിവയലിൽ

റബറും കാപ്പിയും തെങ്ങും ഉൾപ്പെടെ കാലാവസ്‌ഥ വരെ കൊച്ചു കേരളമായി തോന്നുന്ന പസഫിക് മേഖലയിലെ പാപുവ ന്യൂഗിനിയിൽ ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കു കാലുകുത്താൻ ഇനി വീസ വേണ്ട. പാപുവ ന്യൂഗിനിയിൽ എത്തുന്ന ഇന്ത്യാക്കാർക്ക് വീസ ഓൺ അറൈവൽ (വന്നുകഴിയുമ്പോൾ കിട്ടുന്ന വീസ) ലഭ്യമാക്കാൻ തീരുമാനിച്ചതായി പാപുവ ന്യൂഗിനി ഗവർണർ ജനറൽ മൈക്കിൾ ഓഗിയോ വ്യക്‌തമാക്കി. പകരം ഈ വീസ സൗകര്യം ഇന്ത്യയിലേക്കു വരുന്ന ടൂറിസ്റ്റുകൾക്കു ഏർപ്പെടുത്തുമെന്നു രാഷ്ട്രപതി പ്രണാബ് മുഖർജിയും അറിയിച്ചു.

പസഫിക് മേഖലയിൽ ഏറ്റവും വലിയ രാജ്യമായ പാപുവ ന്യൂഗിനിയിൽ ചരിത്രത്തിൽ ആദ്യമായി എത്തിയ ഇന്ത്യൻ രാഷ്ട്രപതിക്ക് ആവേശോജ്വലമായ സ്വീകരണമാണു ലഭിച്ചത്. ഇന്നലെ രാവിലെ പോർട്ട് മോർസ്ബിയിലെ ജാക്സൺ അന്താരാഷ്ര്‌ട വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിക്ക് പരമ്പരാഗത ആദിവാസി നൃത്തങ്ങളോടെയായിരുന്നു സർക്കാരിന്റെ സ്വീകരണം. വിമാനത്താവളത്തിൽ ഉപപ്രധാനമന്ത്രി ലിയോ ഡിയോൺ രാഷ്ര്‌ടപതിയെ സ്വീകരിച്ചു. യുദ്ധ സ്മാരകത്തിൽ രാഷ്ട്രപതി പുഷ്പചക്രം അർപ്പിച്ചു. ഗവർണർ ജനറൽ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത രാഷ്ട്രപതി, പ്രതിപക്ഷനേതാവ് ഡോൺ പോയ്ലുമായും ഇന്ത്യൻ വംശജനായ ശശിധരൻ മുത്തുവേൽ അടക്കമുള്ള ഗവർണർമാരുമായും കൂടിക്കാഴ്ച നടത്തി.

എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഖനിയായ പാപുവ ന്യൂഗിനിയുമായി സഹകരണം വർധിപ്പിക്കുന്നതു ലക്ഷ്യമാക്കി സന്ദർശനം നടത്തുന്ന രാഷ്ട്രപതി പ്രണാബ് മുഖർജിയുമായി കൃഷി, ഉന്നത വിദ്യാഭ്യാസം, അടിസ്‌ഥാന സൗകര്യ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ സഹകരിച്ചു മുന്നേറാൻ ഗവർണർ ജനറൽ മൈക്കിൾ ഒഗിയോയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായി. ഇതു സംബന്ധിച്ച കരാർ ഇന്ന് ഒപ്പിടും.


പാപുവ ന്യൂഗിനിയിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഖനനത്തിനുള്ള സൗകര്യവും ഇന്ത്യ വാഗ്ദാനം ചെയ്തു. കൂടാതെ, 66,000 കോടി രൂപയുടെ വായ്പാ സഹായവും കാൽ ലക്ഷം എയ്ഡ്സ് ബാധിതർക്കു സൗജന്യ ഔഷധവും നൽകും.

ഐടി മേഖലയിൽ മികവിന്റെ കേന്ദ്രം സ്‌ഥാപിക്കാൻ ഇന്ത്യൻ ഐടി വിദഗ്ധരെ ഇവിടെ എത്തിക്കാമെന്നും ചർച്ചയിൽ രാഷ്ട്രപതി അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായി സഹകരിക്കുന്നത് അഭിമാനകരമാണെന്ന് ഗവർണർ ജനറൽ മൈക്കിൾ ഓഗിയോ പറഞ്ഞു. ഇന്ത്യൻ ഭടന്മാർ വീരചരമം പ്രാപിച്ച മണ്ണാണിത്. പ്രകൃതി ഭംഗിയാൽ സമ്പന്നമായ പാപുവ ന്യൂഗിനിയിലേക്ക് ഇന്ത്യൻ സിനിമകൾ ചിത്രീകരിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം, ഔഷധ വിപണന രംഗത്ത് ഇന്ത്യൻ കമ്പനികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച നടപടിയെ രാഷ്ട്രപതി സ്വാഗതം ചെയ്തു. റോഡ്, കോടതികൾ, ഹൈവേ എന്നിവയുടെ നിർമാണത്തിനു അടിസ്‌ഥാന സൗകര്യ വികസനത്തിലൂടെ സഹകരണം വർധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. ചൈനയോടു വിമുഖത തുടരുന്നതിനിടെയാണ് പാപുവ ന്യൂഗിനി ഭരണകൂടം ഇന്ത്യയോടു സഹകരണം വർധിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.