വിശപ്പകറ്റാൻ ഭക്ഷണം മോഷ്ടിച്ചതു കുറ്റമല്ല: ഇറ്റാലിയൻ കോടതി
വിശപ്പകറ്റാൻ ഭക്ഷണം മോഷ്ടിച്ചതു കുറ്റമല്ല: ഇറ്റാലിയൻ കോടതി
Tuesday, May 3, 2016 11:59 AM IST
റോം: വിശക്കുന്നവൻ അല്പം ഭക്ഷണം മോഷ്ടിക്കുന്നതു കുറ്റമല്ലെന്ന് ഇറ്റാലിയൻ സുപ്രീംകോടതി.
ഒരു സൂപ്പർമാർക്കറ്റിൽ നിന്നു നാലു യൂറോയുടെ പാൽക്കട്ടിയും ഇറച്ചി (സോസിജ്)യും മോഷ്ടിച്ച യുക്രെയ്നിയൻകാരനായ റോമൻ ഓസ്ട്രിയാകോവിന്റെ ശിക്ഷ റദ്ദാക്കിക്കൊണ്ടാണു വിധി. കീഴ്കോടതി ഇയാൾക്ക് ആറുമാസം തടവും 100 യൂറോ പിഴയും വിധിച്ചിരുന്നു. ശിക്ഷ സുപ്രീംകോടതി റദ്ദാക്കി. വടക്കൻ ഇറ്റലിയിലെ ജെനോവയിൽ 2011ലാണു മോഷണം നടന്നത്.

മോഷണക്കുറ്റത്തിനാണു കീഴ്കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരേ ഗവൺമെന്റ് ഭാഗം അപ്പീൽ നൽകി. മോഷണമല്ല മോഷണശ്രമമാണ് കേസ് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ. അതാണു ശിക്ഷ റദ്ദാക്കുന്നതിൽ എത്തിയത്. പ്രതിയുടെ അവസ്‌ഥയും അയാൾ ഭക്ഷ്യവസ്തുക്കൾ എടുത്ത സാഹചര്യവും നോക്കുമ്പോൾ തന്റെ അടിയന്തരവും അത്യാവശ്യവുമായ ഭക്ഷ്യാവശ്യത്തിനുള്ള ഭക്ഷണമാണു ഇയാൾ എടുത്തതെന്നു മനസിലാകുമെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി.


ഇറ്റാലിയൻ മാധ്യമങ്ങൾ വിധിയെ പുകഴ്ത്തി. അഞ്ചു യൂറോയിൽ താഴെ വിലയുള്ള ഭക്ഷണത്തെച്ചൊല്ലി മൂന്നു കോടതികളിൽ കേസ് നടത്തിയതിനെയും മാധ്യമങ്ങൾ വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.