അപൂർവരോഗവുമായി സോളാർ കുട്ടികൾ
Thursday, May 5, 2016 11:52 AM IST
ഇസ്ലാമാബാദ്: പാക്കിസ്‌ഥാനിലെ രണ്ട് കുട്ടികളിൽ കണ്ടെത്തിയ ആപൂർവ രോഗം വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയുയർത്തുന്നു. സൂര്യനുദിച്ചു കഴിഞ്ഞാൽ സാധാരണ കുട്ടികളെപ്പോലെ കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന കുട്ടികളുടെ ഊർജം സൂര്യാസ്തമയത്തോടൊപ്പം നഷ്‌ടപ്പെടുന്നു. പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാനിലാണ് സംഭവം. മുഹമദ് ഹാഷിം എന്നയാളുടെ മക്കളായ 13കാരൻ ഷോയിബ് അഹമദും ഒൻപതുകാരനായ അബ്ദുൾ റാഷിദുമാണ് ഈ അപൂർവ രോഗത്തിന്റെ ഇരകൾ.

സന്ധ്യയാകുന്നതോടെ കുട്ടികളുടെ സ്വബോധം നഷ്‌ടപ്പെടുന്നതോടൊപ്പം കണ്ണടഞ്ഞു പോകുന്നു. തുടർന്ന് വിശപ്പ് ഉൾപ്പെടെയുള്ള വികാരങ്ങൾ നഷ്‌ടപ്പെടുകയും ചെയ്യുന്നു.

എന്നാൽ, ഇവരുടെ രക്ഷിതാക്കളും മറ്റ് സഹോദരങ്ങളും സാധാരണ ജീവിതം നയിക്കുന്നവരാണ്. ഈ കുട്ടികളുടെ അവസ്‌ഥ ശ്രദ്ധയിൽപ്പെട്ടതു മുതൽ പല ചികിത്സയും നടത്തിയെങ്കിലും രോഗത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ഇപ്പോൾ വിദഗ്ധ പരിശോധനകൾക്കായി കുട്ടികളെ പാക്കിസ്‌ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 32 ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പരിശോധനകൾക്ക് നേതൃത്വം വഹിക്കുന്നത്.

വളരെ അസാധാരണമായ രോഗമാണിത്. ഈ രോഗത്തിന് ഒരു പേരും കണ്ടെത്തിയിട്ടില്ലെന്ന് ഷഫീദ് സുൽഫിക്കർ അലി ഭൂട്ടോ മെഡിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജാവേദ് അക്രം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.