ഉത്തരകൊറിയൻ മിസൈൽ: ജപ്പാൻ സേന ജാഗ്രതയിൽ
ഉത്തരകൊറിയൻ മിസൈൽ: ജപ്പാൻ സേന ജാഗ്രതയിൽ
Tuesday, June 21, 2016 12:25 PM IST
ടോക്കിയോ: മധ്യദൂര മുസുദാൻ മിസൈൽ പരീക്ഷിക്കാൻ ഉത്തരകൊറിയ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സൈന്യത്തിനു ജപ്പാൻ ജാഗ്രതാ ഉത്തരവു നൽകി. ജപ്പാൻ അതിർത്തിയിൽ കടക്കുന്ന മിസൈലുകളും റോക്കറ്റുകളും ഉടനടി വെടിവച്ചിടാനാണു സൈന്യത്തിനു നിർദേശം നൽകിയിരിക്കുന്നത്.

മേയിൽ ഉത്തരകൊറിയ നടത്തിയ മുസുദാൻ മിസൈൽ പരീക്ഷണം പരാജയപ്പെട്ടിരുന്നു. ലോഞ്ചിംഗ് പാഡിൽ വച്ചുതന്നെ മിസൈൽ പൊട്ടിത്തെറിച്ചു. ഇതിനകം പലതവണ മുസുദാൻ മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ല.

ഉത്തരകൊറിയ അടുത്ത പരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ സൂചന കിട്ടിയിട്ടുണ്ടെന്നു ജപ്പാൻ സർക്കാർ പറഞ്ഞു. മിസൈൽ പരീക്ഷണം യുഎൻ പ്രമേയങ്ങളുടെ ലംഘനമായിരിക്കുമെന്ന് ദക്ഷിണകൊറിയ മുന്നറിയിപ്പു നൽകി. എന്നാൽ ഇതിനകം പലതവണ രക്ഷാസമിതി പ്രമേയങ്ങൾ ലംഘിച്ചു ആണവ പരീക്ഷണം നടത്തിയിട്ടുള്ള ഉത്തരകൊറിയ മുന്നറിയിപ്പുകൾ അവഗണിക്കാനാണു സാധ്യത.


ഉത്തരകൊറിയയുടെ പക്കൽ 30 മുസുദാൻ മിസൈലുകൾ ഉണ്ടെന്നാണു കണക്ക്. 2007ലാണ് ഇത്തരത്തിലുള്ള ആദ്യ മിസൈൽ വിന്യസിച്ചത്. ഈ വർഷമാണ് ഇതിന്റെ വിക്ഷേപണ പരീക്ഷണം ആരംഭിച്ചത്. ഇതുവരെ ഒരു പരീക്ഷണവും വിജയിച്ചിട്ടില്ല. വിവിധ ദൂരപരിധികളിലുള്ള മുസുദാൻ മിസൈലുകളിൽ ചിലതിന് അമേരിക്കവരെ ചെന്നെത്താൻ ശേഷിയുണ്ടെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.