വേർപിരിയൽ ചർച്ച വേഗം വേണം: ഇയു
വേർപിരിയൽ ചർച്ച വേഗം വേണം: ഇയു
Saturday, June 25, 2016 11:56 AM IST
ബർലിൻ: പിരിഞ്ഞുപോകാൻ ഉദ്ദേശിക്കുന്ന ബ്രിട്ടൻ ഏറ്റവും വേഗം അതു നടത്തണമെന്നു യൂറോപ്യൻ യൂണിയൻ സ്‌ഥാപകരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ. യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പിന്മാറുന്നതിലുള്ള രോഷവും നിരാശയും പ്രകടമാക്കുന്നതാണു മന്ത്രിമാരുടെ പ്രസ്താവന.

ഒക്ടോബറോടെ സ്‌ഥാനമൊഴിയുമെന്നു പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനോട് ഏറ്റവും വേഗം പുതിയ പ്രധാനമന്ത്രിക്കു വഴിമാറാൻ ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് മാർ അയ്റോ ആവശ്യപ്പെട്ടു.

ജർമനി, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, നെതർലൻഡ്സ്, ലക്സംബുർഗ് എന്നിവയുടെ വിദേശകാര്യ മന്ത്രിമാരാണ് ഇന്നലെ സമ്മേളിച്ചത്.

പിരിഞ്ഞുപോകാനാഗ്രഹിക്കുന്ന രാജ്യം മറ്റു രാജ്യങ്ങളുമായി വ്യവസ്‌ഥകളും ക്രമീകരണങ്ങളും സംസാരിച്ചു ധാരണയിലെത്തണം. അതിനുള്ള ചർച്ച ഏറ്റവും വേഗം തുടങ്ങണമെന്നാണു മന്ത്രിമാർ ആവശ്യപ്പെട്ടത്. ജർമൻ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമിയർ അധ്യക്ഷത വഹിച്ചു. പിരിഞ്ഞുപോക്ക് ചർച്ച ഒക്ടോബറിനു ശേഷമാക്കാനുള്ള കാമറോണിന്റെ തീരുമാനത്തിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഷാങ് ക്ലോഡ് യങ്കറും യൂറോ പാർലമെന്റ് പ്രസിഡന്റ് മാർട്ടിൻ ഷുൾസും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.


യൂറോപ്യൻ യൂണിയനിലെ ബ്രിട്ടീഷ് കമ്മീഷണർ ജൊനാഥൻ ഹിൽ ഇന്നലെ രാജി പ്രഖ്യാപിച്ചു. ബ്രിട്ടൻ യൂണിയനിൽനിന്നു പിന്മാറാൻ തീരുമാനിച്ചതിനാൽ താൻ തുടരുന്നതിൽ അർഥമില്ലെന്നു ഹിൽ പറഞ്ഞു.

നാളെ ബ്രിട്ടീഷ് കാബിനറ്റ് യോഗം ചേർന്നു യൂണിയനിൽനിന്നു പിരിയുന്നതു സംബന്ധിച്ച തീരുമാനം യൂറോപ്യൻ യൂണിയനെ അറിയിക്കാൻ തീരുമാനിക്കും. ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി കാമറോൺ ബ്രസൽസിലെത്തി ഔപചാരികമായി വിവരം ധരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.