ഉത്തര കൊറിയയ്ക്ക് 1,000 ബാലിസ്റ്റിക് മിസൈലുകൾ
ഉത്തര കൊറിയയ്ക്ക് 1,000 ബാലിസ്റ്റിക് മിസൈലുകൾ
Wednesday, July 20, 2016 12:12 PM IST
സിയൂൾ: ഉത്തരകൊറിയയുടെ ആയുധശേഖരത്തിൽ ആയിരത്തോളം ബാലിസ്റ്റിക് മിസൈലുകളുണ്ടെന്ന് ദക്ഷിണകൊറിയയിലെ യോൺഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. താഡ് മിസൈൽ പ്രതിരോധ സംവിധാനം സ്‌ഥാപിച്ചാലും ഉത്തരകൊറിയൻ മിസൈലുകളിൽ നിന്നു പൂർണമായി രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദക്ഷിണകൊറിയയിൽ താഡ് സ്‌ഥാപിക്കുമെന്ന് അമേരിക്ക വ്യക്‌തമാക്കിയതിനു പിന്നാലെ ചൊവ്വാഴ്ച ഉത്തരകൊറിയ മൂന്നു ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചിരുന്നു. ഉത്തരകൊറിയൻ മിസൈൽ ഭീഷണി ഒഴിവാക്കണമെങ്കിൽ പേട്രിയട്ട് അഡ്വാൻസ്ഡ് കേപ്പബിലിറ്റി ഇന്റർസെപ്റ്റർ(പിഎസി–3) സംവിധാനം വേണമെന്ന് ദക്ഷിണകൊറിയൻ പ്രതിരോധ കേന്ദ്രങ്ങൾ വ്യക്‌തമാക്കി.


നിലവിൽ ഉത്തരകൊറിയയുടെ പക്കലുള്ള ആയിരം മിസൈലുകളിൽ 400 എണ്ണം ഹ്രസ്വദൂര സ്കഡുകളാണ്. ഇവയുടെ ദൂരപരിധി 320–960 കിലോമീറ്ററാണ്. 3200 കിലോമീറ്റർ ശേഷിയുള്ള മധ്യദൂര റോഡോംഗ് മിസൈലുകളുടെ എണ്ണം 300നടുത്തു വരും. ശേഷിക്കുന്നവ ഭൂഖണ്ഡാന്തര മിസൈലുകളാണ്. സ്കഡ്മിസൈലുകളിൽ ചിലത് നിസൈനീകൃത മേഖലയിൽനിന്ന് 100 കിലോമീറ്റർ ദൂരെയാണു വിന്യസിച്ചിരിക്കുന്നത്. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ കഴിഞ്ഞദിവസം ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിച്ചിട്ടുള്ള ആണവ സ്ഫോടന നിയന്ത്രണസംവിധാനം പരിശോധിച്ചെന്ന് പ്യോംഗ്യാംഗിലെ കെസിടിവി റിപ്പോർട്ട് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.