വടക്കൻ അഫ്ഗാനിലെ കുൻഡുസ് താലിബാൻ പിടിച്ചെടുത്തു
വടക്കൻ അഫ്ഗാനിലെ കുൻഡുസ് താലിബാൻ പിടിച്ചെടുത്തു
Saturday, August 20, 2016 11:42 AM IST
കാബൂൾ: വടക്കൻ അഫ്ഗാനിസ്‌ഥാനിലെ കുൻഡുസ് പ്രവിശ്യയിലെ വടക്കു–കിഴക്കൻ ജില്ലയായ ഖാൻ അബാദിന്റെ നിയന്ത്രണം താലിബാൻ തീവ്രവാദികൾ പിടിച്ചെടുത്തു. അഫ്ഗാൻ സൈന്യവുമായി ശക്‌തമായ ഏറ്റുമുട്ടലിനൊടുവിലാണ് താലിബാൻ പ്രദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കിയത്. ഇവിടെനിന്നും അഫ്ഗാൻ സൈന്യം പൂർണമായി പിന്മാറി. സൈനിക വാഹനങ്ങളും പടക്കോപ്പുകളും താലിബാൻ സ്വന്തമാക്കി. സമീപജില്ലയായ ആലിയബാദിൽ സൈന്യവും താലിബാൻ തീവ്രവാദികളും തമ്മിൽ ശക്‌തമായ പോരാട്ടം നടക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

ഇന്നലെ രാവിലെയാണ് താലിബാൻ നിർണായകമായ മുന്നേറ്റം നടത്തിയത്. കുൻഡുസ്, തഖർ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ജില്ലയാണ് ഖാൻ അബാദ്. മറ്റു വടക്കൻ പ്രവിശ്യകളിലേക്കുള്ള യാത്രയും ഖാൻ അബാദിലൂടെയേ സാധ്യമാകൂ എന്നതിനാൽ താലിബാന്റെ മുന്നേറ്റം നിർണായകമാകും.

നാനാഭാഗത്തുനിന്ന് താലിബാൻ ആക്രമണം നടത്തുകയായിരുന്നു. മണിക്കൂറുകളോളം ചെറുത്തുനിന്നെങ്കിലും ശക്‌തമായ പിന്തുണ ലഭിച്ചില്ല. അതുകൊണ്ടുതന്നെ പിന്മാറേണ്ടിവന്നു. അതോടെ ജില്ലയുടെ നിയന്ത്രണം താലിബാന്റെ കൈകളിലെത്തി: ഖാൻ അബാദ് ചീഫ് ഹയത്തുള്ള അമിരി പറഞ്ഞു.

അതേസമയം, പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനു സുരക്ഷാ സൈനികർ തയാറെടുക്കുകയാണെന്ന് കുൻഡുസ് പ്രവിശ്യയുടെ പോലീസ് മേധാവിയായ മുഹമ്മദുള്ള ബഹേജ് പറഞ്ഞു.


ആവശ്യമായ ആയുധങ്ങളുടെയും സൈനികശക്‌തിയുടെയും ദൗർബല്യമാണ് ജില്ലയുടെ നിയന്ത്രണം നഷ്‌ടപ്പെടാൻ കാരണമെന്ന് അഫ്ഗാൻ അധികൃതർ കാബൂളിൽ അറിയിച്ചു. നാറ്റോയുടെ നേതൃത്വത്തിലുള്ള സഖ്യസേനയെ അഫ്ഗാനിൽനിന്നു പുറത്താക്കി ഇസ്ലാമിക് നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ.

കുൻഡുസിന്റെ അയൽപ്രവിശ്യയായ ബാഗ്ഹ്ലാനിലെ ജില്ലകളിൽ ഒന്നിന്റെ നിയന്ത്രണം താലിബാൻ കഴിഞ്ഞയാഴ്ച സ്വന്തമാക്കിയിരുന്നു. അഫ്ഗാൻ സൈന്യത്തിന്റെ ആയുധങ്ങളും വാഹനങ്ങളും അന്ന് അവർ കൈക്കലാക്കി. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഖാൻ അബാദിന്റെ നിയന്ത്രണവും താലിബാന്റെ കീഴിലായത്. അഫ്ഗാനിലെ 34 പ്രവിശ്യകളിൽ 15 എണ്ണത്തിലെങ്കിലും സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം നടക്കുന്നതായാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം നല്കുന്ന സൂചന.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കുൻഡുസ് തലസ്‌ഥാനത്തിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തത്. 2001ൽ അമേരിക്കൻ സഖ്യസേന അഫ്ഗാനിൽ ആക്രമണം നടത്തിയതിനുശേഷം ആദ്യമായായിരുന്നു ഇത്.

2014ഓടെ വിദേശ സൈന്യം പിന്മാറാൻ തുടങ്ങിയതും താലിബാന്റെ ശക്‌തി വർധിപ്പിക്കുന്നതിൽ പ്രധാന ഘടകമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.