ഭൂകമ്പം: ഇറ്റലിയിൽ മരണം 250 ആയി
ഭൂകമ്പം: ഇറ്റലിയിൽ മരണം 250 ആയി
Thursday, August 25, 2016 11:55 AM IST
റോം: മധ്യ ഇറ്റലിയിൽ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 247 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റ 270ൽ അധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുവയസുള്ള പെൺകുട്ടിയെ 20 മണിക്കൂറിനുശേഷം കെട്ടിടാവശിഷ്‌ടങ്ങൾക്കടിയിൽനിന്നു രക്ഷപ്പെടുത്തി.

ഏറ്റവും കൂടുതൽ നാശമുണ്ടായത് അമാട്രിസ്സ പെസ്കര ഡെൽ ട്രോന്റോ, അർക്വാറ്റ ഡെൽ ട്രോന്റോ, അക്കുമോലി എന്നീ നാലു നഗരങ്ങളിലാണ്. അമാട്രിസിൽ റോമാ ഹോട്ടൽ തകർന്നു നിരവധി പേർ മരിച്ചു. ഹോട്ടലിൽ 70താമസക്കാരുണ്ടായിരുന്നു. ഇതുവരെ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.


അമാട്രിസ്, അക്കുമോലി നഗരങ്ങൾക്കു മധ്യേയാണു റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ബൊളോഞ്ഞ മുതൽ നേപ്പിൾസ് വരെയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾക്കു കുലുക്കം അനുഭവപ്പെട്ടു. ആദ്യത്തെ ഭൂകമ്പത്തെത്തുടർന്ന് ഇതിനകം 400ൽ അധികം തുടർചലനങ്ങളുണ്ടായി.

ഭൂകമ്പ ബാധിത മേഖലയിലേക്ക് വത്തിക്കാൻ ആറ് അഗ്നിശമനസേനാംഗങ്ങളെ അയച്ചതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ദുരിത ബാധിത മേഖലയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസി സന്ദർശനം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.