മൻഹാട്ടൻ സ്ഫോടനം: പ്രതി റഹ്മി പാക്കിസ്‌ഥാൻ സന്ദർശിച്ചിരുന്നു
മൻഹാട്ടൻ സ്ഫോടനം: പ്രതി റഹ്മി പാക്കിസ്‌ഥാൻ സന്ദർശിച്ചിരുന്നു
Tuesday, September 20, 2016 11:58 AM IST
ന്യൂയോർക്ക്:മൻഹാട്ടൻ, ന്യൂജേഴ്സി സ്ഫോടനങ്ങളോട് അനുബന്ധിച്ച് എഫ്ബിഐ അറസ്റ്റു ചെയ്ത അഫ്ഗാൻ വംശജനായ യുഎസ് പൗരൻ അഹമ്മദ്ഖാൻ റഹ്മി നേരത്തെ താലിബാൻ ശക്‌തികേന്ദ്രമായ പാക്കിസ്‌ഥാനിലെ ക്വെറ്റയിൽ സന്ദർശനം നടത്തിയിരുന്നതായി റിപ്പോർട്ട്. 2011ൽ നിരവധി ആഴ്ചകൾ റഹ്മി ക്വെറ്റയിൽ കഴിഞ്ഞു. യുഎസിൽ തിരിച്ചെത്തിയ റഹ്മി സുരക്ഷാപരിശോധനയ്ക്കു വിധേയനായി.

2013ലും റഹ്മി പാക്കിസ്‌ഥാനിൽ സന്ദർശനം നടത്തുകയും ഒരു വർഷത്തോളം അവിടെ ചെലവഴിക്കുകയും ചെയ്തു.വീണ്ടും യുഎസിൽ തിരിച്ചെത്തിയ റഹ്മി അധികൃതർ ചോദ്യം ചെയ്തെങ്കിലും സംശയകരമായി യാതൊന്നും കണ്ടെത്തിയില്ല.


ന്യൂജേഴ്സിയിലെ മിഡിൽസെക്സിലെ കോളജിൽനിന്നു ക്രിമിനൽ നിയമത്തിൽ ബിരുദം നേടിയിട്ടുള്ളയാളാണു റഹ്മി എന്ന് എഫ്ബിഐ പറഞ്ഞു. ന്യൂജേഴ്സിയിലെ എലിസബത്തിൽ ചിക്കൻ റസ്റ്ററന്റ് നടത്തുകയാണു റഹ്മിയുടെ കുടുംബം.

മൻഹാട്ടനിൽ റഹ്മി നടത്തിയ ബോംബ് സ്ഫോടനത്തിൽ 29 പേർക്കു പരിക്കേറ്റു. ന്യൂജേഴ്സിയിലും സ്ഫോടനം നടത്തി. രണ്ടു സ്ഫോടനങ്ങളും ബന്ധപ്പെട്ടതാണെന്നും മൻഹാട്ടനിൽ സ്ഫോടനം നടന്ന സ്‌ഥലത്തെ സിസിടിവിയിൽ റഹ്മിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.