ഫ്രാൻസിസ് മാർപാപ്പ നാളെ ജോർജിയ, അസർബൈജാൻ രാജ്യങ്ങളിലേക്ക്
ഫ്രാൻസിസ് മാർപാപ്പ നാളെ ജോർജിയ, അസർബൈജാൻ രാജ്യങ്ങളിലേക്ക്
Wednesday, September 28, 2016 12:23 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ നാളെ ജോർജിയ, അസർബൈജാൻ രാജ്യങ്ങളിലെ പര്യടനത്തിനായി തിരിക്കും. ഇറ്റലിക്കു പുറത്തേക്കുള്ള പതിനാറാമത്തെ അജപാലനപരമായ സന്ദർശനമാണിത്. വെള്ളിയാഴ്ച രാവിലെ ഇവിടെനിന്നു പുറപ്പെട്ട് ജോർജിയയുടെ തലസ്‌ഥാനമായ ടിബിലിസിയിലെത്തും. ജോർജിയൻ പ്രസിഡന്റുമായും ഭരണനേതൃത്വവുമായും ചർച്ച നടത്തും. പിന്നീട് ജോർജിയൻ ഓർത്തഡോക്സ് സഭാ പാത്രിയർക്കീസ് ഏലിയയെ സന്ദർശിക്കും. വൈകുന്നേരം ടാന്നറിൽ വിശുദ്ധ സൈമന്റെ നാമധേയത്തിലുള്ള സീറോ–കാൽഡിയൻ ദേവാലയം സന്ദർശിക്കും. ജോർജിയയിലെ സീറോ –കാൽഡിയൻ റീത്തിലുള്ള കത്തോലിക്കാ ബിഷപ്പുമാരോടൊത്തു സിറിയയിലും ഇറാക്കിലും ശാന്തികൈവരുത്താൻ വേണ്ടി പ്രാർഥന നയിക്കും.

ശനിയാഴ്ച ടിബിലിസിയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ ദിവ്യബലി അർപ്പിക്കും. ഓർത്തഡോക്സ് പാത്രിയർക്കീസിന്റെ ഒരു പ്രതിനിധിസംഘവും ബലിയിൽ സംബന്ധിക്കും. ഉച്ചയ്ക്കുശേഷം കത്തോലിക്കാ വൈദികർ, സന്യാസിനി–സന്യാസികൾ, വൈദികാർഥികൾ എന്നിവരുമായി കൂടിക്കാഴ്ച. പിന്നീട് ഭിന്നശേഷിക്കാരുടെയും വൃദ്ധരുടെയും സദനങ്ങളിലുള്ളവരെ കാണും. മഷ്കെതായിലെ പാത്രിയർക്കാ കത്തീഡ്രലും സന്ദർശിക്കുന്നുണ്ട്.


ഞായറാഴ്ച അസർബൈജാൻ തലസ്‌ഥാനമായ ബകുവിൽ എത്തുന്ന മാർപാപ്പ അവിടത്തെ ഏക കത്തോലിക്കാ ദേവാലയത്തിൽ ബലി അർപ്പിക്കും. സലേഷ്യൻ വൈദികരുടേതാണ് ആ പള്ളി. ഉച്ചയ്ക്കുശേഷം മുസ്ലിം സമുദായാചാര്യൻ ഷെയ്ക് അല്ലാശൂക്കൂർ പാഷാസഡെയുമായി കൂടിക്കാഴ്ച. വൈകുന്നേരം സർവമത പ്രാർഥനയ്ക്കുശേഷം മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.