ഏഴുപേരെ വിശുദ്ധരായി മാർപാപ്പ പ്രഖ്യാപിച്ചു
ഏഴുപേരെ വിശുദ്ധരായി മാർപാപ്പ പ്രഖ്യാപിച്ചു
Sunday, October 16, 2016 10:56 AM IST
വത്തിക്കാൻസിറ്റി: രണ്ടു രക്‌തസാക്ഷികളും നാലു വൈദികരും ഒരു കർമലീത്താ സന്യാസിനിയും ഉൾപ്പെടെ ഏഴുപേരെ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി.

വാഴ്ത്തപ്പെട്ടവരായ സോളമൻ ലെക്ലർക്, ഫാ. ഹൊസെ ഗബ്രിയേലെ ഡെൽ റൊസാരിയോബ്രോഷെറെ, ഹൊസെ സാഞ്ചസ് ഡെൽറിയോ, മാനുവൽ ഗൊൺസാലസ് ഗാർസ്യ, ലുദോവികോ പവോണി, അൽഫോൻസോ മരിയ ഫുസ്കോ, എലിസബത്ത് ഓഫ് ദ ട്രിനിറ്റി എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ 80,000 തീർഥാടകർ സെന്റ് പീറ്റേഴ്സ് ദേവാലയാങ്കണത്തിൽ എത്തിയിരുന്നു.

മാർപാപ്പയുടെ ജന്മനാടായ അർജന്റീനയിൽനിന്നുള്ള പ്രഥമവിശുദ്ധനായ ഫാ. ബ്രോച്ചെറോയുടെ നാമകരണച്ചടങ്ങിൽ പങ്കെടുക്കാൻ അർജന്റീനൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രതിനിധി സംഘം വത്തിക്കാനിൽ എത്തി.കൊർഡോബ പ്രവിശ്യയിൽ പരിത്യക്‌തർക്കും പാവങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ.ബ്രോച്ചെറോ അർജന്റീനൻ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ടയാളാണ്.


പ്രതിസന്ധികളിൽ മനസുമടുക്കാതെ നിരന്തരവും സ്‌ഥിരവുമായി പ്രാർഥിച്ചാൽ മാത്രമേ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനാവൂയെന്നു തിരുക്കർമ മധ്യേ നടത്തിയ പ്രസംഗത്തിൽ മാർപാപ്പ ഉദ്ബോധിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.