യെമൻ വിമതർ മക്കയെ ലക്ഷ്യമാക്കി മിസൈൽ പ്രയോഗിച്ചു
യെമൻ വിമതർ മക്കയെ ലക്ഷ്യമാക്കി മിസൈൽ പ്രയോഗിച്ചു
Friday, October 28, 2016 12:23 PM IST
ദുബായ്: യെമനിൽ പ്രസിഡന്റ് ഹാദിയുടെ സർക്കാരിന് എതിരേ യുദ്ധം നടത്തുന്ന ഇറാൻ പിന്തുണയുള്ള ഹൗതി ഷിയാ വിമതർ സൗദി അറേബ്യയിലെ പുണ്യനഗരമായ മക്കയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചെന്നു റിപ്പോർട്ട്.

വ്യാഴാഴ്ച രാത്രിയാണ് മിസൈൽ അയച്ചതെന്നും മക്കയെയാണ് വിമതർ ലക്ഷ്യമിട്ടതെന്നും സൗദി ആരോപിച്ചു. മക്കയ്ക്ക് 65 കിലോമീറ്റർ അകലെവച്ച് സൗദി സഖ്യം മിസൈൽ തകർത്തതിനാൽ നാശനഷ്‌ടം ഒഴിവായി. സൗദിസഖ്യത്തിന്റെ പക്കൽ അമേരിക്കൻ നിർമിത പേട്രിയട്ട് മിസൈലുകളുണ്ട്.

യെമനിൽ മിസൈൽ അയച്ച സ്‌ഥലത്ത് സൗദി സഖ്യത്തിന്റെ വിമാനങ്ങൾ പ്രത്യാക്രമണം നടത്തി.എന്നാൽ, തങ്ങൾ ലക്ഷ്യമിട്ടത് ജിദ്ദ അന്തർദേശീയ വിമാനത്താവളത്തെയായിരുന്നുവെന്നു ഹൗതികൾ വ്യക്‌തമാക്കി. ജിദ്ദയിലെ കിംഗ് അബ്ദൽ അസീസ് വിമാനത്താവളത്തിനു കനത്തനാശം സംഭവിച്ചെന്നും അവർ പറഞ്ഞു. സൗദിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്.


ആറംഗ ഗൾഫ് സഹകരണ സമിതി മിസൈൽ ആക്രമണത്തെ അപലപിച്ചു. ഹൗതികളെ പിന്തുണയ്ക്കുന്ന ഇറാനാണ് മിസൈൽ ആക്രമണത്തിനു പിന്നിലെന്നു യുഎഇ വിദേശകാര്യ മന്ത്രി ഷേക്ക് അബ്ദുള്ള ബിൻ സയ്ദ് ആരോപിച്ചു. മക്കയ്ക്കു നേരേ മിസൈൽ ആക്രമണത്തിനു തുനിഞ്ഞ പ്രസ്തുത ഭരണകൂടം ഇസ്ലാമിക ഭരണകൂടമെന്ന് അവകാശപ്പെടുന്നത് എങ്ങനെ എന്നും അദ്ദേഹം ചോദിച്ചു.

2015ൽ യെമൻ തലസ്‌ഥാനമായ സനായുടെ നിയന്ത്രണം ഹൗതികൾ കൈയടക്കിയതിനെത്തുടർന്നു അന്തർദേശീയ അംഗീകാരമുള്ള പ്രസിഡന്റ് ഹാദിയുടെ ഭരണകൂടം ഏഡനിലേക്കു താവളം മാറ്റി. ഹാദിക്കനുകൂലമായി സൈനിക ഇടപെടൽ നടത്തുന്ന സൗദി അറേബ്യ ഇതിനകം ഹൗതികളെ ലക്ഷ്യമിട്ട് വ്യോമാക്രമണപരമ്പര തന്നെ നടത്തിയെങ്കിലും അവരെ ഒതുക്കാനായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.