നാറ്റോ കാലഹരണപ്പെട്ട സംഘടനയെന്നു ട്രംപ്
നാറ്റോ കാലഹരണപ്പെട്ട സംഘടനയെന്നു ട്രംപ്
Monday, January 16, 2017 10:49 AM IST
ല ണ്ടന്‍: നാറ്റോ സഖ്യത്തിനെതിരേ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രൂക്ഷവിമര്‍ശനം. ഭീകരാക്രമണത്തിനെതിരേ ഫലപ്രദമായ പോരാട്ടം നടത്തുന്നതില്‍ പരാജയപ്പെട്ട നാറ്റോ കാലഹരണപ്പെട്ട സംഘടനയാണെന്നു ട്രംപ് അഭിപ്രായപ്പെട്ടു. വൈറ്റ്ഹൗസില്‍ ചുമതലയേല്‍ക്കുന്നതിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബ്രിട്ടനിലെ ദ ടൈംസിനും ജര്‍മനിയിലെ ബില്‍ഡ് പത്രത്തിനും അനുവദിച്ച അഭിമുഖത്തിലാണു ട്രംപ് നിലപാടു വ്യക്തമാക്കിയത്.

വര്‍ഷങ്ങള്‍ക്കു മുമ്പാണു നാറ്റോ രൂപീകരിച്ചത്. നാറ്റോ അംഗങ്ങളില്‍ പലരും തങ്ങളുടെ വിഹിതം അടയ്ക്കുന്നില്ല.ട്രംപ് ചൂണ്ടിക്കാട്ടി. 28 അംഗരാജ്യങ്ങളുണെ്ടങ്കിലും ചെലവിന്റെ 70ശതമാനവും വഹിക്കുന്നത് അമേരിക്കയാണ്. അംഗരാജ്യങ്ങളെ സഹായിക്കുന്നതിനു വേണ്ടിവരുന്ന ചെലവ് അവരില്‍നിന്ന് ഈടാക്കുമെന്നു തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നു. ബ്രെക്‌സിറ്റ് നല്ലതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ വേര്‍പെട്ടശേഷം അവരുമായി വാണിജ്യ ഉടമ്പടി ഉണ്ടാക്കുമെന്നും ഇത് ഇരുകൂട്ടര്‍ക്കും നല്ലതായിരിക്കുമെന്നും ട്രംപ് പറഞ്ഞു.


മതിയായ രേഖകളില്ലാത്ത അഭയാര്‍ഥികള്‍ക്കു ജര്‍മനിയില്‍ പ്രവേശനാനുമതി നല്‍കിയ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ ട്രംപ് വിമര്‍ശിച്ചു. എവിടെനിന്നാണ് ഈ അഭയാര്‍ഥികള്‍ വരുന്നതെന്ന കാര്യം ആര്‍ക്കും അറിയില്ല. ഇതു വന്‍സുരക്ഷാഭീഷണിയാണ്. ചാന്‍സലറോടു തനിക്ക് ഏറെ ആദരവുണെ്ടന്നു ട്രംപ് കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.