സേവനനികുതി-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഒഴിവുകള്‍
Monday, November 24, 2014 9:44 PM IST
നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

01-07-2012 മുതല്‍ നെഗറ്റീവ് ലിസ്റ് ആസ്പദമാക്കിയുള്ള സേവനനികുതി നിര്‍ണയം നിലവില്‍ വന്നിരുന്നു. അതനുസരിച്ച് ഫിനാന്‍സ് ആക്ടിലെ വകുപ്പ് 66 ഡി (എല്‍) അനുസരിച്ച് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതും താഴെപ്പറയുന്നവയുമായവയെ സേവനനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

1) നേഴ്സറി സ്കൂള്‍ തുടങ്ങി ഹയര്‍ സെക്കന്‍ഡറി വരെ

2) അംഗീകാരം ലഭിച്ചിട്ടുള്ള ഡിഗ്രി കോഴ്സുകള്‍

3) അംഗീകാരം ലഭിച്ചിട്ടുള്ള വൊക്കേഷണല്‍ കോഴ്സുകള്‍

മേല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൂര്‍ണമായും നെഗറ്റീവ് ലിസ്റില്‍ പെടുത്തി ഒഴിവാക്കിയിരുന്നെങ്കിലും 20-6-2012 ല്‍ 25/2012 പ്രകാരം ഇറങ്ങിയ വിജ്ഞാപനം അനുസരിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒഴിവ് നിഷ്ക്കര്‍ഷിച്ചിരുന്നു. അതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്കുന്നതോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്കുന്നതോ ആയ അനുബന്ധ വിദ്യാഭ്യാസ സേവനങ്ങളും കെട്ടിടങ്ങളുടെ വാടകയും സേവനനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.

എന്നാല്‍ 1/3/2013 ല്‍ ഇറങ്ങിയ വിജ്ഞാപനം 3/2013 അനുസരിച്ച് 1-4-2013 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്കുന്ന അനുബന്ധ വിദ്യാഭ്യാസ സേവനങ്ങളും കെട്ടിട വാടകയും ഒഴിവുകളില്‍ നിന്നു മാറ്റി, നികുതി നല്കേണ്ടവരുടെ ലിസ്റിലേക്ക് ചേര്‍ത്തു.

അതായത് മേല്‍ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ നല്കിയ അനുബന്ധ സേവനങ്ങള്‍ക്കുള്ള ഒഴിവ് 01-07-2012 മുതല്‍ 31-03-2013 വരെ മാത്രം ആണ് നിലനിന്നിരുന്നത്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്ന അനുബന്ധ സേവനങ്ങളെ ഒഴിവുകളുടെ ലിസ്റില്‍ തന്നെ ആണ് ഉള്‍പ്പെടുത്തിയിരുന്നത്.

നിയമങ്ങളിലെയും വിജ്ഞാപനങ്ങളിലെയും വ്യക്തത ഇല്ലായ്മ വളരെ ഏറെ സംശയങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. അതായത് ഫിനാന്‍സ് ആക്ടില്‍ 66 ഡിയില്‍ പൂര്‍ണമായും ഒഴിവു നല്കപ്പെട്ട ഒരു സേവനത്തിനു വിജ്ഞാപനം അനുസരിച്ച് പിന്നീടും ഒഴിവ് ആവശ്യമാണോ എന്ന ചോദ്യം ഉയരുന്നു.

വിജ്ഞാപനം 3/13 തീയതി 1/03/2014
മെഗാ ഒഴിവുകള്‍

20/06/2012 പുറപ്പെടുവിച്ച 25/2012 വിജ്ഞാപനം അനുസരിച്ചാണ് 01-07-12 മുതല്‍ ആദ്യ മെഗാ ഒഴിവിന്റെ ലിസ്റ് പ്രാബല്യത്തില്‍ വന്നത്. പിന്നീട് ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം ബാധകമായതും 01-03-2013 ല്‍ പ്രഖ്യാപിച്ചതുമായ 3/2013 വിജ്ഞാപനപ്രകാരം സ്ഥാപനങ്ങള്‍ നല്കുന്ന അനുബന്ധ സേവനങ്ങള്‍ക്കും വാടകയ്ക്കും ഉള്ള നികുതി ഒഴിവുകള്‍ 31-03-13 വരെ ആയി ലിമിറ്റ് ചെയ്തു. 01-04-13 മുതല്‍ ആ ഒഴിവുകള്‍ ഇല്ലാതായി.

വിജ്ഞാപനം 6/2014
തീയതി 11/07/14

മേല്‍ വിജ്ഞാപനം അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവര്‍ത്തിക്കേണ്ട പുതിയ നിയമം, വിജ്ഞാപനം 6/2014 ക്ളോസ് 9-ല്‍ സൂചിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് മുന്‍കാല വിജ്ഞാപനത്തിന് കാലാവധി 30-09-2014 ല്‍ പൂര്‍ണമായും അവസാനിക്കുകയും പുതിയ നിയമങ്ങള്‍ 01-10-2014 മുതല്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. അതനുസരിച്ചുള്ള നിഗമനങ്ങള്‍ താഴെ ചേര്‍ക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനം നല്കുന്ന സേവനങ്ങള്‍

വിദ്യാഭ്യാസ സ്ഥാപനം അതിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജോലിക്കാര്‍ക്കും നല്കുന്ന സേവനങ്ങള്‍ സേവനനികുതിയില്‍ നിന്നു വിമുക്തമാണ്. മേല്‍ നിര്‍വചനത്തില്‍ നിന്നും മേല്‍ സ്ഥാപനം തന്നെ അനുബന്ധ സേവനങ്ങള്‍ നല്കിയാലും അതു സേവനനികുതിയില്‍ നിന്നും ഒഴിവാണ്.

സ്കൂള്‍ ഫീസ്, ഹോസ്റല്‍ ഫീസ്, ബസ് ഫീസ് എന്നിവ

06/2014 വിജ്ഞാപനം അനുസരിച്ച് അംഗീകാരം ലഭിക്കപ്പെട്ടതും നെഗറ്റീവ് ലിസ്റില്‍ സൂചിപ്പിക്കപ്പെട്ടവയുമായ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈടാക്കുന്ന എല്ലാത്തരം ഫീസുകളും ട്യൂഷന്‍ ഫീസെന്നോ, സ്പോര്‍ട്സ് ഫീസെന്നോ വ്യത്യാസമില്ലാതെ സേവനനികുതിയില്‍നിന്ന് ഒഴിവാണ്.


കൂടാതെ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന ഹോസ്റലുകളും ബസ് സര്‍വീസുകളും സെമിനാറുകളും എല്ലാം ഇതില്‍ ഉള്‍പ്പെടും. അതിന് ഈടാക്കുന്ന എല്ലാ ഫീസുകളും സേവന നികുതിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ടവയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന സേവനങ്ങള്‍

മുന്‍കാലങ്ങളില്‍ ഇവയെല്ലാം തന്നെ അനുബന്ധ സേവനങ്ങളുടെ കൂട്ടത്തില്‍ വന്നിരുന്നവയും വിവിധങ്ങളായ തര്‍ക്കങ്ങളില്‍പ്പെട്ടിരുന്നവയുമാണ്. എന്നാല്‍ വിജ്ഞാപനം 6/2014 പ്രകാരം ഇവയ്ക്ക് വ്യക്തത കൈവന്നിട്ടുണ്ട്. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിട്ടുള്ള സേവനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1) ട്രാന്‍സ്പോര്‍ട്ടേഷന്‍-വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ജോലിക്കാര്‍ എന്നിവര്‍ക്ക്

വിദ്യാഭ്യാസ സ്ഥാപനത്തിന് സ്വന്തമായി വാഹനം ഇല്ലെങ്കില്‍ പുറത്തുള്ള ഓപ്പറേറ്റേഴ്സിനെ മേല്‍ സര്‍വീസ് ഏല്പിച്ചാലും ഫീസിന് സേവനനികുതി ഈടാക്കുവാന്‍ സാധിക്കില്ല. ഇനി വാഹനങ്ങള്‍ സ്ഥാപനത്തിനു സ്വന്തമായി ഉണ്െടങ്കിലും നടത്തിപ്പിനു മാത്രം കോണ്‍ട്രാക്ട് കൊടുത്തു എങ്കിലും നികുതിയുടെ കാര്യത്തില്‍ മാറ്റമൊന്നും വരുന്നില്ല.

2) ഭക്ഷണവിതരണം, ഉച്ചക്കഞ്ഞി വിതരണം

ഹോസ്റലിലെ ഭക്ഷണമാണെങ്കിലും ഉച്ചക്കഞ്ഞി വിതരണമാണെങ്കിലും, അത് സ്കൂളിനു പുറത്തുള്ളവരെ ഏല്പിച്ച് നടത്തിയാലും മേല്‍ സര്‍വീസുകള്‍ക്ക് നികുതി ഉണ്ടാവില്ല.

3) സെക്യൂരിറ്റി, ഹൌസ്കീപ്പിംഗ്, ക്ളീനിംഗ് മുതലായവ

മേല്‍ സേവനങ്ങള്‍ സ്ഥാപനത്തിന് വെളിയിലുള്ളവര്‍ ആണ് നല്കുന്നതെങ്കില്‍ അവരുടെ പ്രതിഫലത്തിന് സേവനനികുതി ഉണ്ടാവില്ല.

4) അഡ്മിഷന്‍, പരീക്ഷകള്‍ എന്നിവ മേല്‍ സേവനങ്ങള്‍ പല സ്ഥാപനങ്ങളിലും പുറത്തുള്ള ഏജന്‍സികള്‍ ആണ് ചെയ്യുന്നത്. ഇഅഠപോലുള്ള പരീക്ഷകള്‍ സ്ഥാപനങ്ങള്‍ നേരിട്ടല്ല നടത്തുന്നത്. മേല്‍ സേവനങ്ങള്‍ക്ക് ഇനിമുതല്‍ നികുതി ബാധകമല്ല.

ചില യൂണിവേഴ്സിറ്റികളില്‍ ഡിസ്റന്‍സ് എഡ്യൂക്കേഷന്‍ സിസ്റം നിലവിലുണ്ട്. ആ യൂണിവേഴ്സിറ്റികളില്‍ കോഴ്സിനുള്ള മെറ്റീരിയല്‍സ്, അഡ്മിഷന്‍ വ്യവസ്ഥകള്‍. ചോദ്യപേപ്പറുകള്‍ എന്നിവ മിക്കവാറും പുറത്തുള്ള ഏജന്‍സികളെ ഉപയോഗിച്ചാണ് തയാറാക്കുന്നതും വിതരണം ചെയ്യുന്നതും. മുന്‍കാല വിജ്ഞാപനം അനുസരിച്ചും ഇവയെ അനുബന്ധ സേവനങ്ങളായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നതും അവകള്‍ കിഴിവിന് അര്‍ഹവുമായിരുന്നൂ.

പുതിയ വിജ്ഞാപനം അനുസരിച്ച് എല്ലാ സേവനങ്ങള്‍ക്കും വ്യക്തത ലഭിച്ചിരിക്കുന്നതിനാല്‍ തര്‍ക്കങ്ങള്‍ കുറയ്ക്കുവാന്‍ ഇതുപകരിക്കും. അതുതന്നെ ആയിരിക്കും ബോര്‍ഡിന്റെ ലക്ഷ്യവും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന വാടകയ്ക്ക് സേവനനികുതി ബാധകം

ഇനി മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചാല്‍ നല്കേണ്ടിവരുന്ന വാടകയ്ക്കു സേവനനികുതി ബാധകമാണ്. (10 ലക്ഷത്തിന്റെ ത്രസോള്‍ഡ് ലിമിറ്റ് ഉടമയ്ക്കു ബാധകമാണ്). പുതിയ വിജ്ഞാപനം അനുസരിച്ച് പഴയതു പൂര്‍ണമായും ഇല്ലാതാവുകയും പുതിയതില്‍ വാടകയുടെ കാര്യം സൂചിപ്പിക്കാതിരിക്കുകയും ചെയ്തിരിക്കുന്നതുകൊണ്ട് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാടകയുടെ മേല്‍ സേവനനികുതികൂടി നല്‍കേണ്ടിവരും.

അംഗീകരിച്ച വൊക്കേഷണല്‍ കോഴ്സുകള്‍

സേവനനികുതി നിയമത്തിലെ വകുപ്പ് 65 ബി സബ്ക്ളോസ് 11-ല്‍ അംഗീകാരം ഉള്ള കോഴ്സുകളെപറ്റി വിശദീകരണം ഉണ്ട്. അപ്രന്റീസ് ആക്ട് അനുസരിച്ച് നാഷണല്‍ കൌണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗുമായോ സ്റേറ്റ് കൌണ്‍സില്‍ ഓഫ് വൊക്കേഷണല്‍ ട്രെയിനിംഗുമായോ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ഐ.ടി.ഐ സ്ഥാപനങ്ങളും ഐ.ടി.സി. സ്ഥാപന ങ്ങളും നടത്തുന്ന വൊക്കേഷണല്‍ കോഴ്സുകള്‍ക്ക് അംഗീകാരം ഉള്ളതാണ്. എന്നാ ല്‍ നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷനുള്ള അംഗീകാരം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.