ഫേസ്ബുക്കിൽ പണക്കിലുക്കം!
Thursday, April 28, 2016 11:22 AM IST
വാഷിംഗ്ടൺ: ഫേസ്ബുക്കോ, അതു ന്യൂജൻ പിള്ളേർ സെൽഫിയെടുത്തു പോസ്റ്റുന്ന ഇടം മാത്രമാണെന്നാണോ കരുതിയത്. എന്നാൽ തെറ്റി. ജനുവരി – മാർച്ച് ത്രൈമാസത്തിൽ ഫേസ്ബുക്കിന്റെ വരുമാനം 195 ശതമാനമാണ് വർധിച്ചത്.

മുൻവർഷം ഇതേ കാലയളവിൽ 51.2 കോടി ഡോളറായിരുന്നു വരുമാനമെങ്കിൽ ഇത്തവണ 150 കോടിയായി കുതിച്ചുയർന്നു.

ഫേസ്ബുക്കിന്റെ പ്രധാന വരുമാന സ്രോതസ് പരസ്യമാണ്. അതും മൊബൈൽ വേർഷനിലൂടെയുള്ളത്. മൊത്തം വരുമാനത്തിന്റെ 82 ശതമാനവും ഇത്തരത്തിലാണ്. മുൻവർഷത്തേക്കാൾ ഒൻപത് ശതമാനം വർധന. സക്രിയ ഉപഭോക്‌താക്കളുടെ എണ്ണത്തിലും വലിയ വർധന രേഖപ്പെടുത്താൻ ഫേസ്ബുക്കിനായി.


165 കോടി ആളുകളാണ് ഓരോ മാസവും എഫ്ബി കുത്തിക്കുറിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യുന്നത്. വർധന 15 ശതമാനം.

അനുകൂല ഫലങ്ങൾ പുറത്തുവന്നതു കമ്പനിയുടെ ഓഹരികളിലും പ്രതിഫലിച്ചു. ഓഹരി വിലയിൽ ഒൻപതു ശതമാനത്തിന്റെ വർധനവുണ്ടായി. കൂടുതൽ ഓഹരികൾ വിറ്റഴിച്ചെങ്കിലും മാർക് സുക്കൻബർഗിന്റെ നിയന്ത്രണത്തിലാണു ഫേസ്ബുക്ക് സാമ്രാജ്യം ഇപ്പോഴും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.